400 മീറ്റർ ദൂരം സ്കൂളിലേക്ക് നടക്കുക എന്നത് വലിയ കാര്യമായി തോന്നില്ലെങ്കിലും, ഉത്തർപ്രദേശിലെ ഏഴുവയസ്സുകാരി രാഗിണിക്ക് ഈ യാത്ര ദിവസവും ഒരു പേടിസ്വപ്നമായിരുന്നു. പഠിക്കണമെന്ന ഒറ്റ ആഗ്രഹത്താൽ ഒരു കാലിൽ തുള്ളിത്തുള്ളിയാണ് ഈ കൊച്ചുമിടുക്കി ദിവസവും 400 മീറ്റർ ദൂരമുള്ള സ്കൂളിലേക്ക് പോയിരുന്നത്. വഴിയരികിൽ തളർന്നിരുന്നും കരഞ്ഞും നടത്തുന്ന ഈ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രശംസയും ഒപ്പം അധികൃതരുടെ സഹായവും ഈ പെൺകുട്ടിയെ തേടിയെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബല്ലിയ ജില്ലാ ഭരണകൂടം കുട്ടിയെ സന്ദർശിച്ച് രണ്ട് ട്രൈസൈക്കിളുകൾ, പുസ്തകങ്ങൾ, സ്കൂൾ ബാഗ്, കളിപ്പാട്ടങ്ങൾ, ചോക്ലേറ്റുകൾ എന്നിവ സമ്മാനമായി നൽകി. കൂടാതെ കുട്ടിക്ക് ആവശ്യമായ വൈദ്യസഹായവും ഗ്രാമത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികളും അധികൃതർ ഉറപ്പുനൽകി. റാണീപൂർ ഗ്രാമത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ രാഗിണിയുടെ ഒരു കാൽ ചെറുപ്പത്തിലുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റ് തളർന്നുപോയത്.
ആറുമാസം പ്രായമുള്ളപ്പോൾ ഉണ്ടായ അപകടത്തിൽ രാഗിണിയുടെ കാൽ തകരുകയായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മികച്ച ചികിത്സ നൽകാൻ സാധിച്ചില്ലെന്നും അമ്മ ബബിത ദേവി പറഞ്ഞു. മറ്റു കുട്ടികൾ ബാഗുമേന്തി സ്കൂളിൽ പോകുന്നത് കാണുമ്പോൾ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് മകൾ കരയാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ചിലപ്പോഴൊക്കെ വീട്ടുകാർ കൊണ്ടുവിടുമെങ്കിലും ഭൂരിഭാഗം ദിവസങ്ങളിലും ഒരു കാലിൽ തുള്ളിയാണ് അവൾ സ്കൂളിലെത്തുന്നത്.
വിഷയത്തിൽ ഇടപെട്ട കളക്ടർ മംഗള പ്രസാദ് സിംഗ്, കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങില്ലെന്നും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും ഉറപ്പുനൽകി. കുട്ടിയുടെ കാലിന്റെ ചികിത്സക്കായി വൈദ്യപരിശോധന നടത്താൻ നിർദ്ദേശം നൽകിയ കളക്ടർ, വീട്ടിൽ ശൗചാലയം നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയും ഗ്രാമത്തിലെ മോശം റോഡ് ഉടൻ പുനരുദ്ധരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.




