Celebrity Oddly News

മദ്യപിച്ച് ലക്കുകെട്ട് ഋഷഭ് പന്ത്; ഹുക്ക വലിച്ചുവരാമെന്ന് എം.എസ്. ധോണി; വൈറലായി പാര്‍ട്ടി വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണിയും ഋഷഭ് പന്തും സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു ഹോട്ടൽ മുറിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. വിഡിയോയിൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ സോഫയിൽ കിടക്കുന്ന രീതിയിലാണ് ഋഷഭ് പന്തുള്ളത്. എന്നാൽ ഈ വിഡിയോ എവിടെ വച്ച്, എപ്പോൾ പകർത്തിയതാണെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതും ഒത്തുചേർന്നവർ പരസ്പരം സംസാരിക്കുന്നതുമാണ് വിഡിയോയിലുള്ള പ്രധാന ഭാഗങ്ങൾ. പന്ത് സോഫയിൽ കിടന്നും ധോണി പിൻനിരയിൽ നിന്നും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടയിൽ പന്ത് ധോണിയെ അടുത്തേക്ക് വിളിച്ച് സംസാരിക്കുമ്പോൾ, താൻ ‘ഹുക്ക’ വലിക്കാനായി താഴേക്ക് പോകുകയാണെന്ന് ധോണി മറുപടി നൽകുന്നുണ്ട്. ബിയർ ടിന്നുകളും കോക്ടെയിലുകളും അടക്കം നിരവധി പാനീയങ്ങൾ മേശപ്പുറത്ത് വെച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

ധോണിക്ക് ഹുക്കയോടുള്ള താല്പര്യം പരസ്യമായ കാര്യമാണ്. ടീമിലെ യുവതാരങ്ങൾക്ക് സൗകര്യപ്രദമായി വന്നിരിക്കാൻ സഹായിക്കുന്ന രീതിയിൽ ഹുക്ക പാർട്ടി അന്തരീക്ഷം സ്വന്തം ഹോട്ടൽ മുറിയിൽ ധോണി ഒരുക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ദുബായിൽ വെച്ച് ധോണി ഹുക്ക വലിക്കുന്ന വീഡിയോകളും മുമ്പ് വൈറലായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഋഷഭ് പന്ത് റാഞ്ചിയിൽ ധോണിക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുന്ന പന്തിനെ ധോണി സ്വന്തം കാറിൽ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങളും മുൻപ് പുറത്തുവന്നിരുന്നു. ഇംഗ്ലണ്ട് പര്യടന സമയത്തും ഇരുവരും ഒന്നിച്ച് സമയം ചെലവഴിച്ചിരുന്നു.

അടുത്തിടെ അർധരാത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് ട്വീറ്റ് ചെയ്ത് ഋഷഭ് പന്ത് വാർത്തകളിൽ ഇടംനേടിയിരുന്നു. ഉത്തരാഖണ്ഡിൽ ഭൂമി വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ലെന്നാണ് പന്ത് കുറിപ്പിലൂടെ അറിയിച്ചത്. അർധരാത്രി 12.46-ന് വന്ന ഈ സന്ദേശം ഏവരെയും ഞെട്ടിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ പന്ത് ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടിയാണ് കളിക്കുന്നത്.