കോഴിക്കോട് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മറയാക്കി നടത്തിയ ഒരു കോടി രൂപയുടെ സ്വർണ്ണക്കടത്ത് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് പിടികൂടി. രാസൽഖൈമയിൽ നിന്നെത്തിയ പൊന്നാനി സ്വദേശിയായ പ്രവാസിയിൽ നിന്നും കുഞ്ഞിന്റെ പക്കൽ നിന്നുമായാണ് മിശ്രിത രൂപത്തിലുള്ള സ്വർണ്ണം കണ്ടെടുത്തത്. ഇതിൽ 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന അര കിലോ സ്വർണ്ണം കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലും, ബാക്കി സ്വർണ്ണം പിതാവിന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എത്തിയ വിമാനത്തിൽ മൂന്ന് മക്കൾക്കൊപ്പമാണ് ഇയാൾ കരിപ്പൂരിൽ വിമാനമിറങ്ങിയത്. കൊച്ചുകുട്ടികളുമായി എത്തുന്ന യാത്രക്കാരെ കസ്റ്റംസ് പരിശോധനകളിൽ നിന്ന് ഒഴിവാക്കാറുള്ളത് മുതലെടുത്ത് പുറത്തുകടക്കാനായിരുന്നു ശ്രമം. എന്നാൽ ഡി.ആർ.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെയും മക്കളെയും തടഞ്ഞുവെച്ച് പരിശോധ നടത്തുകയായിരുന്നു.
ആദ്യം നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ഡയപ്പറിൽ നിന്ന് 50 ലക്ഷത്തിന്റെ സ്വർണ്ണം ലഭിച്ചത്. തുടർന്ന് പിതാവിനെ ചോദ്യം ചെയ്യുകയും കൂടുതൽ സ്വർണ്ണം കണ്ടെത്തുകയുമായിരുന്നു. ഇയാൾ മുൻപും ഇത്തരത്തിൽ സ്വർണ്ണക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന് ഡി.ആർ.ഐ അന്വേഷിക്കുന്നുണ്ട്. കുട്ടികളെ മുൻനിർത്തിയുള്ള ഇത്തരം പുതിയ സ്വർണ്ണക്കടത്ത് രീതികളെ ചെറുക്കാൻ പരിശോധനകൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.




