Featured Spotlight

‘ രോഗിയുടെ ഭാഗത്ത് ശരിയുണ്ട്, പക്ഷേ എപ്പോ വേണേലും ഏതു രോഗവും കാണിക്കാനുള്ള ഇടമല്ല കാഷ്വാലിറ്റി , ആ ധാരണ മാറണം’; ഡോക്ടറുടെ കുറിപ്പ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറുന്ന വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ മനോജ് വെള്ളനാട് . ഈ കേസിൽ രോഗിയുടെ ഭാഗത്താണ് ശരിയെന്ന് തോന്നുന്നതെങ്കിലും, സ്വന്തം സൗകര്യത്തിന് എപ്പോൾ വേണമെങ്കിലും ഏതു രോഗവും കാണിക്കാനുള്ള ഇടമാണ് കാഷ്വാലിറ്റി എന്ന ധാരണ പൊതുജനങ്ങൾക്ക് മാറണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

പനിയും ശരീരവേദനയും കാരണം ആശുപത്രിയിൽ എത്തിയ രോഗിയോട് അത് അത്ര അത്യാഹിത പ്രശ്നമല്ലല്ലോ എന്ന് ഡോക്‌ടർ ചോദിക്കുന്നത് വിഡിയോയിലുണ്ട്. കാഷ്വാലിറ്റികൾ അത്യാഹിതങ്ങൾ ചികിത്സിക്കാനുള്ള ഇടമാണെങ്കിലും, പനിയും ശരീരവേദനയും ജീവന് ഭീഷണിയല്ലെങ്കിൽ പോലും സാധാരണക്കാരെ സംബന്ധിച്ച് അതൊരു അത്യാഹിതമായി തോന്നാമെന്നും ഡോ. മനോജ് കുറിച്ചു.

വിഡിയോയിലെ ഡോക്‌ടർ കാഷ്വാലിറ്റി എന്നാൽ എന്താണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും അവിടെ ഔചിത്യക്കുറവുണ്ടായോ എന്ന് സംശയമുണ്ട്. പനിയാണെന്ന് പറയുമ്പോൾ പരിശോധിക്കുക എന്നതാണ് ആദ്യപടി, എന്നാൽ കാഷ്വാലിറ്റിയെക്കുറിച്ച് അവർ പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും മനോജ് വെള്ളനാട് ഓർമ്മിപ്പിച്ചു. മുൻപ് പുതിയ ചെരുപ്പിട്ട് കാലിൽ പൊള്ളലേറ്റത് കാണിക്കാൻ സർജറി കാഷ്വാലിറ്റിയിൽ എത്തിയ രോഗി, അത് അവിടെ കാണിക്കാനുള്ളതല്ലെന്ന് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടുപോയ സ്വന്തം അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഇത്തരം മനോഭാവങ്ങളിൽ മാറ്റം വരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പോകാൻ അധികൃതർ നിർദ്ദേശം നൽകി. രോഗിയോടും ബന്ധുക്കളോടും മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സൂപ്രണ്ട് ഇവർക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇതിനുപിന്നാലെ ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.