Oddly News

പാവ് ബാജി ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ‘ബീഡി കുറ്റി’! സോമാറ്റോ ഭക്ഷണത്തിൽ വൻ അനാസ്ഥ

ബെംഗളൂരുവിൽ ഓൺലൈനായി പാവ് ഭാജി ഓർഡർ ചെയ്തയാള്‍ക്ക് നേരിടേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതമായ അനുഭവം. ഭക്ഷണം കഴിക്കാനായി പാക്കറ്റ് തുറന്ന പിയാം താഹബിൽഡർ എന്നയാൾ കണ്ടത് പാവ് ഭാജിക്കൊപ്പം ഉള്ളി അരിഞ്ഞു വെച്ചിരിക്കുന്ന ഭാഗത്ത് പകുതി കത്തിച്ചു തീർത്ത ഒരു ബീഡിക്കഷ്ണം കിടക്കുന്നതാണ്. തുടര്‍ന്ന് ആഹാരത്തിന്റെ ചിത്രം പകർത്തി അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

സൊമാറ്റോ വഴിയാണ് ഇയാൾ ഭക്ഷണം ഓർഡർ ചെയ്തത്. സൗജന്യമായി എന്തെങ്കിലും തരുമെന്ന് കരുതിയെങ്കിലും ഇത്തരമൊരു സാധനമല്ല താൻ പ്രതീക്ഷിച്ചതെന്ന് സൊമാറ്റോയെ ടാഗ് ചെയ്തുകൊണ്ട് ഇയാൾ കുറിച്ചു. ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഭക്ഷണശാലയ്ക്ക് എതിരെയാണ് നടപടി എടുക്കേണ്ടതെന്നും ഇതിൽ ഡെലിവറി ആപ്പിന് പങ്കില്ലെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ സൊമാറ്റോ തനിക്ക് അടുത്ത ഓർഡറിനായി 100 രൂപയുടെ കൂപ്പൺ നൽകിയതായി ഇയാൾ പിന്നീട് വ്യക്തമാക്കി.

സംഭവം തരംഗമായതോടെ രസകരമായ ഒട്ടേറെ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. പുകയുടെ പ്രത്യേക സ്വാദ് (സ്മോക്കി ഫ്ലേവർ) ചേർത്തതാണെന്ന് ചിലർ തമാശ രൂപേണ കുറിച്ചപ്പോൾ, ആളുകൾ പോസിറ്റീവായി ചിന്തിക്കാത്തതാണ് പ്രശ്നമെന്ന് മറ്റുചിലർ പരിഹസിച്ചു. എന്തായാലും പുറത്തുനിന്ന് ഭക്ഷണം വാങ്ങുന്നതിലും നല്ലത് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം.