Spotlight

പാക്കിസ്ഥാനില്‍ മദ്രസ പണിയാന്‍ നൂറുവർഷം പഴക്കമുള്ള അമ്പലം പൊളിച്ചു? മഴയത്ത് തകര്‍ന്നതെന്ന് സര്‍ക്കാര്‍; പ്രതിഷേധം

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നൂറിലേറെ വർഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പൊളിച്ചുമാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നരോവാളിലെ സിറാജ് ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന 125 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം മദ്രസ നിർമിക്കാനായി തകർത്തതാണെന്ന് പ്രദേശവാസികളും ന്യൂനപക്ഷ സംഘടനകളും ആരോപിക്കുന്നു. എന്നാൽ കനത്ത മഴയിലാണ് കെട്ടിടം തകർന്നു വീണതെന്നും മറ്റ് അക്രമങ്ങൾ നടന്നിട്ടില്ലെന്നും കാണിച്ച് പാക് അധികൃതർ ഈ വാദങ്ങൾ പൂർണ്ണമായും തള്ളി.

ക്ഷേത്രം തകർത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പാക്കിസ്ഥാൻ മസിഹ മിലാത് പാർട്ടിയും ഹൈന്ദവ സംഘടനകളും ആവശ്യപ്പെട്ടു. തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ തെഹ്‌രീക് ഇ ലെബ്ബെയ്ക് പാക്കിസ്ഥാന്റെ പ്രവർത്തകരാണ് ഈ സംഭവത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ന്യൂനപക്ഷ കമ്മീഷനും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ വ്യക്തമാക്കുന്നു.

ക്ഷേത്രം തകർത്തതിന് ശേഷം അതിന്റെ മകുടത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള ലോഹ ഭാഗങ്ങളും നിർമ്മാണ വസ്തുക്കളും കടത്തിക്കൊണ്ടുപോയതായി ആരോപണമുണ്ട്. ക്ഷേത്രത്തോട് ചേർന്ന ഭൂമി മുൻപ് മദ്രസയ്ക്കായി പാട്ടത്തിന് നൽകാൻ നീക്കം നടന്നിരുന്നു. അതിനുശേഷമാണ് ഈ ആരാധനാലയം നിൽക്കുന്ന ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമം നടക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു.

അതേസമയം, കമ്മീഷന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സർക്കാർ നിലപാട്. സർക്കാർ രേഖകളിൽ പ്രത്യേക പേരോ പ്രാധാന്യമോ ഇല്ലാത്ത, പഴക്കം ചെന്ന കെട്ടിടം മഴയിലാണ് തകർന്നതെന്നും ക്ഷേത്രഭൂമി മറ്റാർക്കും പാട്ടത്തിന് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും പാക് ഉദ്യോഗസ്ഥർ വ്യക്തമാക്കി.