നേപ്പാളിലെ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട തമിഴ്നാട് തീർഥാടകർ മരണമുഖത്തുനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. കൈലാസ് മാനസസരോവർ തീർഥാടനത്തിന് പോയ 21 അംഗ സംഘമാണ് വൻതോതിൽ ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയപ്പോൾ ഒരു കുന്നിൻ മുകളിൽ അഭയം പ്രാപിച്ച് രക്ഷപ്പെട്ടത്. ചെന്നൈയിൽ തിരിച്ചെത്തിയ സംഘാംഗങ്ങൾ തങ്ങൾ നേരിട്ട നടുക്കുന്ന അനുഭവങ്ങളും അവിശ്വസനീയ രക്ഷാപ്രവർത്തന നിമിഷങ്ങളും പങ്കുവെച്ചു.
കുമ്പകോണം ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി വഴി മൂന്ന് ബസുകളിലായി സഞ്ചരിച്ചിരുന്ന 57 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. ഓഗസ്റ്റ് 26-ന് സയാബ്രുബേസിയിൽ നിന്ന് ചൈനീസ് ഇമിഗ്രേഷൻ പോയിന്റിലേക്ക് യാത്ര ചെയ്യവേ, നേപ്പാൾ-ചൈന അതിർത്തിക്ക് സമീപമുള്ള റസുവ ജില്ലയിൽ വെച്ച് പെട്ടെന്ന് ഭൂപ്രകൃതി മാറുകയായിരുന്നു. വൻ ബോംബ് സ്ഫോടനം പോലുള്ള ശബ്ദത്തോടെ 70-80 അടി ഉയരത്തിൽ ചെളിയും വെള്ളവും കുത്തിയൊലിച്ചെത്തിയതോടെ അപകടം മനസ്സിലാക്കിയ നേപ്പാളി ഡ്രൈവർ എല്ലാവരോടും വാഹനത്തിൽ നിന്നിറങ്ങി മുകളിലേക്ക് ഓടാൻ നിർദ്ദേശം നൽകി.
പിന്നിലെ റോഡ് അപ്രത്യക്ഷമായതോടെ ഡ്രൈവറുടെ വശത്തെ വാതിലിലൂടെ പുറത്തിറങ്ങിയ തീർത്ഥാടകർ കുത്തനെയുള്ള കുന്നിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ചെളിയിൽ പലരും വഴുതിവീണു. പ്രായമായ സ്ത്രീകൾക്ക് കയറാൻ സാധിക്കാതെ വന്നതോടെ, നേരത്തെ മുകളിലെത്തിയ പൂങ്കൊടി എന്ന സ്ത്രീ താൻ ധരിച്ചിരുന്ന സാരി അഴിച്ച് താഴേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. ഈ സാരിയിലും സമീപത്തുണ്ടായിരുന്ന കേബിളിലും പിടിച്ച് ഓരോരുത്തരായി മുകളിലേക്ക് കയറുകയും, ഒരു സ്ത്രീയെ സാരി അരയിൽ കെട്ടി മുകളിലുള്ളവർ വലിച്ച് കയറ്റുകയുമായിരുന്നു. മയിലെടുത്തുറൈ സ്വദേശികളായ രത്നകുമാറും ഭാര്യ പൂങ്കുഴലിയുമാണ് ഇതിന് നേതൃത്വം നൽകിയത്; മുകളിലെത്തിയ ശേഷം മറ്റുള്ളവരെ സഹായിക്കാൻ രത്നകുമാർ വീണ്ടും താഴേക്കിറങ്ങി എല്ലാവരെയും കരകയറ്റാൻ സഹായിക്കുകയായിരുന്നു.
മുകളിലെത്തിയ സംഘം നേപ്പാൾ ആംഡ് പൊലീസ് ഫോഴ്സ് ക്യാമ്പിലെത്തി അടിയന്തര ഭക്ഷണവും വെള്ളവും കൈപ്പറ്റി. തുടർന്ന് വനപാതകളിലൂടെ മണിക്കൂറുകളോളം നടന്ന് ഹെലികോപ്റ്റർ മാർഗ്ഗം കാഠ്മണ്ഡുവിലെത്തിച്ച ശേഷമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും തമിഴ്നാട് സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും ശ്രമഫലമായി ചെന്നൈയിൽ തിരിച്ചെത്തിയത്. പാസ്പോർട്ടും രേഖകളും നഷ്ടപ്പെട്ട ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് തമിഴ്നാട് സർക്കാരും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അറിയിച്ചിട്ടുണ്ട്.




