ലക്നൗ ∙ സ്വന്തം ജന്മദിനത്തിൽ ഹോട്ടൽ മുറിയിലെത്തിച്ച് 22കാരിയായ പെൺസുഹൃത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്തു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഈ ദാരുണ സംഭവം നടന്നത്. ഗുഡ്ഗാവിലെ ഒരു ക്വിക്ക് കൊമേഴ്സ് കമ്പനിയിൽ ജീവനക്കാരിയായ പെൺകുട്ടി നാട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് പ്രതി തടഞ്ഞുനിർത്തി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച പ്രതി ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷമാണ് പീഡനത്തിനിരയാക്കിയത്. പിറ്റേദിവസം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ശക്തിയായി എതിർത്തു. ഇതോടെയാണ് പ്രതി ക്രൂരമായി തലയ്ക്കടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. തലയ്ക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയിൽ നിന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോണും ഉത്തേജക ഗുളികകളും പൊലീസ് കണ്ടെടുത്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രതിയും കൊല്ലപ്പെട്ട യുവതിയും പ്ലസ്ടു വരെ ഒരുമിച്ച് പഠിച്ചവരാണ്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾക്ക് പുറമേ പട്ടികജാതി–പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിന് സഹായം നൽകിയ മറ്റൊരു 24കാരനായ സുഹൃത്തിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.




