Fitness

ദിവസവും നടന്നിട്ടും തടി കുറയുന്നില്ലേ?; നിങ്ങൾ വരുത്തുന്ന ഈ 7 തെറ്റുകളാകാം കാരണം!

ശരീരം അനങ്ങി പ്രവർത്തിക്കാൻ ഏറ്റവും എളുപ്പമുള്ള വഴികളിലൊന്നാണ് നടത്തം. ഇതിന് വലിയ പണച്ചെലവുള്ള ഉപകരണങ്ങളോ ജിം അംഗത്വമോ സങ്കീർണ്ണമായ പരിശീലനങ്ങളോ ആവശ്യമില്ല. പതിവായുള്ള നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാനസികസമ്മർദ്ദം കുറയ്ക്കാനും കലോറി എരിച്ചുകളയാനും സഹായിക്കും. എന്നാൽ ദിവസവും നടന്നിട്ടും ശരീരഭാരത്തിലോ ആരോഗ്യത്തിലോ മാറ്റമൊന്നും കാണാത്തവരുണ്ട്. കൃത്യമായി അധ്വാനിച്ചിട്ടും ഫലം കാണാത്തത് നിരാശയുണ്ടാക്കാം. പ്രശ്നം നടക്കുന്നതിലല്ല, മറിച്ച് നിങ്ങൾ എങ്ങനെ നടക്കുന്നു എന്നതിലാണ്.

ലക്ഷ്യത്തിലെത്താൻ നടത്തത്തിന്റെ വേഗത, സമയം, ഭക്ഷണം, മറ്റ് ശാരീരിക അധ്വാനങ്ങൾ എന്നിവ കൃത്യമായി സമന്വയിപ്പിക്കണം. ദിവസേനയുള്ള നടത്തം പ്രതീക്ഷിച്ച ഫലം തരാത്തതിന് പ്രധാനമായും ഏഴ് കാരണങ്ങളാണുള്ളത്.

1. വളരെ സാവധാനം നടക്കുന്നത്:

ചുമ്മാ ഇരിക്കുന്നതിനേക്കാൾ നല്ലതാണ് സാവധാനമുള്ള നടത്തമെങ്കിലും, ഭാരം കുറയ്ക്കാൻ വേഗത്തിലുള്ള നടത്തമാണ് (Brisk Walk) ആവശ്യം. നടക്കുമ്പോൾ ശ്വാസോച്ഛ്വാസം അല്പം വേഗത്തിലാവുകയും സംസാരിക്കാൻ ചെറിയ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്ന രീതിയിൽ വേഗത കൂട്ടണം. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും കൂടുതൽ കലോറി എരിച്ചുകളയാനും സഹായിക്കും.

2. നടക്കുന്ന സമയം വളരെ കുറവാകുന്നത്:

അഞ്ചോ പത്തോ മിനിറ്റ് നടക്കുന്നത് തുടക്കക്കാർക്ക് നല്ലതാണെങ്കിലും, ഭാരം കുറയ്ക്കാൻ ഇത് തികയില്ല. ദിവസവും നടക്കുന്ന സമയം ക്രമേണ കൂട്ടിക്കൊണ്ടുവരിക. ഒറ്റയടിക്ക് സമയം കൂട്ടുന്നതിന് പകരം കുറച്ച ദിവസങ്ങൾ കൂടുമ്പോൾ 5 മുതൽ 10 മിനിറ്റ് വരെ സമയം വർദ്ധിപ്പിക്കാം.

3. നടന്നിട്ട് ബാക്കി സമയം മുഴുവൻ ഇരിക്കുന്നത്:

രാവിലെ അരമണിക്കൂർ നടന്നതുകൊണ്ട് മാത്രം ദിവസം മുഴുവൻ അനങ്ങാതിരിക്കാമെന്ന് കരുതരുത്. ഓഫീസ് ജോലി, ടിവി കാണൽ, യാത്രകൾ എന്നിവയിലൂടെ ബാക്കി സമയം മുഴുവൻ ഇരുന്ന് തീർത്താൽ നടത്തത്തിന്റെ ഗുണം ലഭിക്കില്ല. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാൻ ശ്രദ്ധിക്കുക.

4. എരിച്ചുകളഞ്ഞ കലോറിയേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത്:

നടത്തത്തിന് ശേഷം മധുരപാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, വലിയ അളവിലുള്ള ഭക്ഷണം എന്നിവ കഴിക്കുന്നത് വഴി നിങ്ങൾ നടന്നു കളഞ്ഞതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തും. നടന്നു കഴിഞ്ഞാൽ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

5. എപ്പോഴും ഒരേ വേഗതയിൽ നടക്കുന്നത്:

ദിവസവും ഒരേ ദൂരത്തിലും വേഗതയിലും നടക്കുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടുകയും കൂടുതൽ കലോറി കത്തുന്നത് നിൽക്കുകയും ചെയ്യും. ഇതിൽ വ്യത്യാസങ്ങൾ വരുത്തുക. വേഗത കൂട്ടുകയോ, കയറ്റമുള്ള വഴികൾ തിരഞ്ഞെടുക്കുകയോ, കുറച്ചു സമയം വേഗത്തിലും കുറച്ചു സമയം സാധാരണ രീതിയിലും മാറിമാറി നടക്കുകയോ ചെയ്യാം.

6. നടപ്പിൽ കൃത്യതയില്ലാത്തത്:

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം നീളമുള്ള നടത്തം നടത്തുന്നതിനേക്കാൾ നല്ലത് ദിവസവും മുടങ്ങാതെ നടക്കുന്നതാണ്. നിങ്ങളുടെ ജീവിതരീതിക്ക് അനുയോജ്യമായ സമയം കണ്ടെത്തി ദിവസേന നടക്കാൻ ശ്രമിക്കുക.

7. പെട്ടെന്ന് ഭാരം കുറയുമെന്ന് പ്രതീക്ഷിക്കുന്നത്:

ശരീരഭാരം ഒറ്റ ദിവസം കൊണ്ട് കുറയില്ല. വെള്ളത്തിന്റെ അളവ്, ഹോർമോൺ മാറ്റങ്ങൾ, ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് എന്നിവ അനുസരിച്ച് ഭാരത്തിൽ വ്യത്യാസങ്ങൾ വരാം. വെയ്റ്റ് മെഷീനിലെ നമ്പറുകൾ മാത്രം നോക്കാതെ നിങ്ങളുടെ സ്റ്റാമിന കൂട്ടിയിട്ടുണ്ടോ, വസ്ത്രങ്ങൾ അയവുള്ളതായി തോന്നുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ചെറിയ മാറ്റങ്ങൾ പോലും വലിയ ആരോഗ്യത്തിലേക്ക് നയിക്കും.