Featured Lifestyle

13 വർഷത്തെ സ്വപ്നം, ആദ്യമായി ഗംഗയില്‍ മുങ്ങിപ്പൊങ്ങി ജാപ്പനീസ് യുവതി ! ഹിന്ദിയും സംസ്കാരവും പഠിച്ചു; ‘മയോ ജപ്പാൻ’ വൈറലാകുന്നു


ഇന്ത്യൻ സംസ്കാരത്തെ അടുത്തറിയാനും ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനുമായി പ്രതിദിനം നിരവധി വിദേശ സഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര മേഖലകളും ട്രക്കിങ് പോയിന്റുകളും കലയും ഭക്ഷണരീതികളുമെല്ലാം അനുഭവിച്ചറിഞ്ഞു മടങ്ങുന്നവർക്ക് ഇന്ത്യയും ഇവിടുത്തെ ജനങ്ങളും എന്നും ഓർമ്മയിൽ നിൽക്കുന്ന അനുഭവമാണ്. ഇപ്പോഴിതാ ഇന്ത്യയെ സ്നേഹിക്കുകയും ഇവിടുത്തെ സംസ്കാരം സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്ത ഒരു ജാപ്പനീസ് യുവതിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

വ്യക്തമായ ഹിന്ദി സംസാരിച്ച് ഹരിദ്വാറിൽ വച്ച് തന്റെ ആദ്യ ഗംഗാസ്നാനം നടത്തുന്ന ജാപ്പനീസ് യുവതിയുടെ വീഡിയോ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

‘മയോ ജപ്പാൻ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ കണ്ടന്റ് ക്രിയേറ്റർ കൂടിയായ യുവതിയാണ് തന്റെ ഈ അപൂർവ്വ ആത്മീയ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഗംഗയിൽ മുങ്ങി നിവരാൻ പോകുന്നതെന്ന സന്തോഷം പങ്കുവെച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.




കാവി നിറത്തിലുള്ള കുർത്ത ധരിച്ച് ഗംഗാ നദിയിലിറങ്ങിയ യുവതി മൂന്ന് തവണ മുങ്ങിപ്പൊങ്ങുന്നത് കാണാം. ഇന്ത്യൻ സംസ്കാരത്തോട് തോന്നിയ അടങ്ങാത്ത പ്രണയം കാരണം കഴിഞ്ഞ 13 വർഷമായി അതിനായി ശ്രമിക്കുകയാണെന്നും, ഇതിനോടകം തന്നെ ഹിന്ദി ഭാഷ സംസാരിക്കാൻ പഠിച്ചെന്നും വീഡിയോയുടെ താഴെ കുറിച്ച കുറിപ്പിൽ യുവതി വ്യക്തമാക്കുന്നുണ്ട്.

ഗംഗയിലെ സ്നാനവും ഈ ഇന്ത്യൻ യാത്രയും തനിക്ക് നൽകിയത് മറക്കാനാവാത്ത അനുഭവമാണെന്ന് യുവതി പറയുമ്പോൾ, വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഗംഗയിലെ വെള്ളത്തിന് നിലവിൽ ശുചിത്വം കുറവാണെന്നും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ ഇതിലും തെളിഞ്ഞ നദികളുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.

ഒരു ജാപ്പനീസ് സ്വദേശിയായതിനാൽ ഇവിടുത്തെ മലിനജലത്തിലെ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള പ്രതിരോധശേഷി ഉണ്ടാകില്ലെന്ന് ഓർമ്മിപ്പിച്ച് ചിലർ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് സമീപനം അഭിനന്ദനാർഹമാണെന്നും ഇത്തരത്തിലുള്ള വിമർശനങ്ങൾ അവഗണിക്കണമെന്നും പറഞ്ഞ് യുവതിയെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.