Featured Sports

കളിക്കണോ? ഇന്ത്യ മാപ്പുപറയണം; നടക്കില്ലെന്ന് സംഘാടകർ: ലെജൻഡ്സ് ലീഗിൽനിന്ന് പാക്കിസ്ഥാൻ പിന്മാറി

ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽനിന്ന് പാക്കിസ്ഥാൻ ടീം പിന്മാറി. ടീമിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിരാക്ഷേപ പത്രം (എൻഒസി) നൽകാത്തതിനെ തുടർന്നാണ് ഈ തീരുമാനം. പാക്കിസ്ഥാൻ ചാംപ്യൻസ് ടീം ഉടമ കാമിൽ ഖാൻ എൻഒസി നൽകണമെന്ന് ബോർഡിനോട് അഭ്യർഥിച്ചെങ്കിലും പിസിബി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ മുന്നോട്ടുവച്ചെങ്കിലും വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎൽ) മാനേജ്‌മെന്റ് അത് അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. ഇതിൽ ഇന്ത്യൻ ടീം രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്ന പിസിബിയുടെ ആവശ്യം ഡബ്ല്യുസിഎൽ നിരസിക്കുകയായിരുന്നു. ഇതോടെ ഷാഹിദ് അഫ്രീദി നയിക്കുന്ന ടീമിന് അനുമതി നൽകില്ലെന്ന് ബോർഡ് വ്യക്തമാക്കി. ടൂർണമെന്റിൽ പങ്കെടുക്കാനായി കളിക്കാർ ഇതിനോടകം യുഎഇയിൽ എത്തിച്ചേർന്നിരുന്നു. പിസിബിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വലിയ നിരാശയുണ്ടെന്നും ആരാധകരുടെയും കളിക്കാരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ടൂർണമെന്റിൽ ഒക്ടോബർ 3ന് ബംഗ്ലദേശ് ചാംപ്യൻസിനെതിരെ നടക്കേണ്ടിയിരുന്ന പാക്കിസ്ഥാന്റെ ആദ്യ മത്സരം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. ഒക്ടോബർ 10നാണ് ആരാധകർ കാത്തിരുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 3 മുതൽ 18 വരെയാണ് ഈ വർഷത്തെ ലോക ലെജൻഡ്സ് ചാംപ്യൻഷിപ് നടക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലും സെമി ഫൈനലിലും പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ ചാംപ്യൻസ് വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് ഗ്രൂപ്പ് മത്സരം റദ്ദാക്കി ഇരുടീമുകൾക്കും പോയിന്റ് വീതിച്ചു നൽകുകയും സെമിയിൽനിന്ന് ഇന്ത്യ പിന്മാറിയതോടെ പാക്കിസ്ഥാൻ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ തീരുമാനം. ഫൈനലിൽ പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയായിരുന്നു. അതിനുശേഷമാണ് കഴിഞ്ഞ സംഭവങ്ങളിൽ ഇന്ത്യ ഖേദം പ്രകടിപ്പിക്കണമെന്ന നിബന്ധന പിസിബി മുന്നോട്ടുവച്ചത്.