മുംബൈ: മുംബൈയിലെ സബർബൻ ഭാണ്ഡൂപിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്ന് താഴേക്ക് ചാടിയ നവവധു നിലത്തുവീഴാതെ മരച്ചില്ലയിൽ കുരുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു. 21 നിലകളുള്ള കെട്ടിടത്തിലെ പത്താം നിലയിൽനിന്നാണ് 26-കാരിയായ യുവതി താഴേക്ക് ചാടിയത്. മരത്തിൽ കുടുങ്ങി താഴെ വീഴാതെ തൂങ്ങിനിന്ന യുവതിയെ വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയാണ് സുരക്ഷിതമായി താഴെയിറക്കിയത്.
ഫ്ലാറ്റിന്റെ ജനാലയിലൂടെ ചാടിയ യുവതി നിലത്തുനിന്ന് ഏകദേശം 20-25 അടി ഉയരമുള്ള മരത്തിന്റെ ചില്ലയിലാണ് ചെന്നുപെട്ടത്. ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ട അഗ്നിരക്ഷാ സേനയ്ക്ക് സന്ദേശം ലഭിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ കാലിൽ മരച്ചില്ല തുളച്ചുകയറിയിട്ടുണ്ട്. തുടർന്ന് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
നാല് മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ നിലവിൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. സംഭവം ആത്മഹത്യാശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)




