തിരൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ ആക്രമിക്കുകയും ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അസം സ്വദേശിയായ റോയൽ രാജു (30) ആർപിഎഫിന്റെ പിടിയിലായി. കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വിട്ടപ്പോഴായിരുന്നു അതിക്രമം നടന്നത്.
അക്രമിയുടെ പിടിയിൽ നിന്ന് കുതറിമാറി യുവതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സഹയാത്രികർ റെയിൽവേ അലർട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ തടഞ്ഞുവെച്ചു.
പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ആർപിഎഫ് എഎസ്ഐ ശശിയുടെ തലയ്ക്കടിച്ച് പ്രതി വീഴ്ത്തി. ഈ സമയത്ത് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരാരും ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് തിരൂർ പോലീസ് എസ്എച്ച്ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അക്രമാസക്തനായ പ്രതിയെ ഏറെ ശ്രമകരമായ മൽപിടുത്തത്തിനൊടുവിലാണ് പോലീസ് സംഘം കീഴടക്കിയത്. തുടർന്ന് പ്രതിയെ വൈദ്യപരിശോധനയ്ക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തലയ്ക്ക് പരിക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ കാസർകോട് ചെറുവത്തൂർ സ്വദേശിയായ ശശി (57) തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച സേവനത്തിന് 2026-ലെ റെയിൽ സേവാ പുരസ്‌കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് പരിക്കേറ്റ ശശി.




