യുഎഇയിൽ നടക്കാനിരിക്കുന്ന വനിതാ ഏഷ്യാ കപ്പ് ടൂർണമെന്റിനായി വേറിട്ട രീതിയിലുള്ള പരിശീലനത്തിലാണ് പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന ക്യാമ്പിൽ പുരുഷ ടീമിനെതിരെ 20 ഓവർ മത്സരങ്ങൾ കളിച്ചാണ് അവർ ടൂർണമെന്റിനായി ഒരുങ്ങുന്നത്. കൗമാരക്കാരും മുതിർന്നവരുമായ ആൺകുട്ടികളുടെ ടീമിനെതിരെയാണ് പാകിസ്ഥാൻ വനിതകൾ ട്വന്റി-20 മത്സരങ്ങൾ കളിച്ചതെന്ന് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ മികച്ച രീതിയിൽ തീരുമാനങ്ങൾ എടുക്കാനും ശക്തരായ എതിരാളികളെ നേരിടാനും കളിക്കാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ആൺകുട്ടികളുമായി കളിച്ച മത്സരങ്ങൾ ഏഷ്യൻ കപ്പിനായുള്ള ഒരുക്കങ്ങളെ ഏറെ സഹായിച്ചതായി പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന പറഞ്ഞു. സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളാണ് തങ്ങൾ കളിച്ചതെന്നും അവിടുന്ന് ലഭിച്ച പാഠങ്ങൾ ഏഷ്യൻ കപ്പിലെ വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യ, ഹോങ്കോംഗ്, തായ്ലാൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാൻ ഇടംപിടിച്ചിരിക്കുന്നത്. സെപ്റ്റംബർ 1-ന് തായ്ലാൻഡിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. സെപ്റ്റംബർ 5-ന് കരുത്തരായ ഇന്ത്യയെയും സെപ്റ്റംബർ 7-ന് ഹോങ്കോംഗിനെയും അവർ നേരിടും.
പതിവായി ടൂർണമെന്റിൽ പങ്കെടുക്കാറുണ്ടെങ്കിലും പാകിസ്ഥാൻ വനിതകൾക്ക് ഇതുവരെ ഏഷ്യൻ കപ്പ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വർഷമായി അവർ ഫൈനലിൽ എത്തിയിട്ടുമില്ല. അതിനാൽ ഇത്തവണ ഫൈനലിൽ എത്താനും കിരീടം സ്വന്തമാക്കാനും കളിയിലെ നിർണായക നിമിഷങ്ങളിൽ ശാന്തത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫാത്തിമ ഊന്നിപ്പറഞ്ഞു. ടീമിലെ കളിക്കാരോട് പരിഭ്രാന്തരാകാതെ ശാന്തരായിരിക്കാനും തങ്ങളുടെ കഴിവിൽ വിശ്വസിച്ച് കൃത്യമായ പദ്ധതികളോടെ മുന്നോട്ട് പോകാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഓഗസ്റ്റ് 28-നാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് യുഎഇയിൽ തുടക്കമാകുന്നത്. ഈ വേറിട്ട പരിശീലന രീതി തങ്ങൾക്ക് മത്സരങ്ങളിൽ മികച്ച വിജയം നേടിത്തരുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ ടീം.
ഏഷ്യൻ കപ്പിനുള്ള പാകിസ്ഥാൻ ടീം: ഫാത്തിമ സന (ക്യാപ്റ്റൻ), ആയിഷ സഫർ, ഈമാൻ നസീർ, അയ്മാൻ ഫാത്തിമ, ഗുൽ ഫിറോസ, മൊമിന റിയാസത്ത്, മുനീബ അലി സിദ്ദിഖി (വിക്കറ്റ് കീപ്പർ), സദഫ് ഷമാസ്, നഷ്ര സന്ധു, സാദിയ ഇഖ്ബാൽ, സൈറ ജബീൻ, ഷവാൽ സുൽഫിക്കർ, തൂബ ഹസൻ, ഉമ്മെ ഹാനി, വഹീദ അക്തർ.




