Featured Oddly News

കുടുംബത്തിന്റെ എതിർപ്പും മാധ്യമ ശ്രദ്ധയും; വനിതാ പൊലീസുകാരുടെ സ്വവർഗ വിവാഹം ഉപേക്ഷിച്ചു

മുംബൈ ∙ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ നടത്താനിരുന്ന സ്വവർഗ വിവാഹത്തിൽ നിന്ന് പിന്മാറി. ഓഗസ്റ്റ് 30-ന് പുണെയ്ക്കടുത്തുള്ള അലണ്ടിയിൽ വെച്ച് പരമ്പരാഗത ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, വാർത്ത പുറത്തുവന്നതോടെയുണ്ടായ മാധ്യമശ്രദ്ധയും കുടുംബാംഗങ്ങളിൽ നിന്നുള്ള കടുത്ത എതിർപ്പുമാണ് വിവാഹത്തിൽ നിന്ന് പിന്തിരിയാൻ ഇവരെ നിർബന്ധിതരാക്കിയത്.

മൂന്ന് വർഷം മുൻപ് നടന്ന പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെയാണ് 23-ഉം 26-ഉം വയസ്സുള്ള ഈ യുവതികൾ കണ്ടുമുട്ടുന്നത്. പരീക്ഷ പാസായി പരിശീലനത്തിന് ശേഷം ഇരുവരും ഒരേ പൊലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിക്കുകയും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹ ആവശ്യത്തിനായി ഒരേ ക്ഷണക്കത്ത് വച്ച് ഇരുവരും ഒരുമിച്ച് അവധിക്ക് അപേക്ഷ നൽകിയതോടെയാണ് സഹപ്രവർത്തകരും ഉദ്യോഗസ്ഥരും വിവരമറിയുന്നത്. തുടർന്നാണ് വാർത്ത മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായത്.

വിവാഹ വിവരം പുറത്തുവന്നതോടെ യുവതികളിൽ ഒരാളുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തു. അവർ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് സ്റ്റേഷനിലെത്തി മുതിർന്ന ഉദ്യോഗസ്ഥരെ കണ്ട് വിവാഹം തടയണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ തികച്ചും വ്യക്തിപരമായ തീരുമാനമായതിനാൽ വിഷയത്തിൽ ഔദ്യോഗികമായി ഇടപെടാൻ സാധിക്കില്ലെന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥർ എടുത്തത്.