83-ാം വയസ്സിൽ അമിതാഭ് ബച്ചൻ ചോറും പായസവും കഴിക്കുന്നത് നിർത്തിയതായി ‘കോൺ ബനേഗ ക്രോർപതി’ വേദിയിൽ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് ഭാര്യ ജയാ ബച്ചൻ മാമ്പഴ പായസം ഉണ്ടാക്കിക്കൊടുത്ത കഥയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഭക്ഷണരീതിയാണെങ്കിലും, പ്രായമാകുമ്പോൾ ചോറ് പൂർണ്ണമായി ഒഴിവാക്കുന്നത് ആരോഗ്യകരമാണോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്.
ഫരീദാബാദ് അമൃത ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. നിശാന്ത് റൈസാദ പറയുന്നത്, പ്രായമാകുന്നതിനനുസരിച്ച് എല്ലാവരും ചോറ് ഒഴിവാക്കേണ്ട ആവശ്യമില്ലെന്നാണ്. ചോറ് പൂർണ്ണമായി ഒഴിവാക്കുന്നതിനേക്കാൾ, അതിന് പകരം നമ്മൾ എന്താണ് കഴിക്കുന്നത് എന്നതിനാണ് പ്രായമായവർ പ്രാധാന്യം നൽകേണ്ടത്. ബച്ചൻ ചോറ് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമായാണ്. അതിനാൽ ഇത് പ്രായമായ എല്ലാവർക്കും വേണ്ടിയുള്ള ഒരു ജനറൽ നിർദ്ദേശമായി കാണരുത്.
വെളുത്ത അരി എളുപ്പത്തിൽ ദഹിക്കുന്ന ലളിതമായ കാർബോഹൈഡ്രേറ്റ് ആണ്. പ്രോട്ടീനോ പച്ചക്കറികളോ ഇല്ലാതെ വെറും ചോറ് മാത്രം കൂടുതൽ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാൻ കാരണമാകും. അമിതമായി വെളുത്ത അരി ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ടെങ്കിലും ചോറ് നേരിട്ട് പ്രമേഹത്തിന് കാരണമാകുന്നില്ല. ഒരാളുടെ മൊത്തത്തിലുള്ള ഭക്ഷണരീതി, വ്യായാമം, ശരീരഭാരം, ഉപാപചയ ആരോഗ്യം എന്നിവയെല്ലാം ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
പ്രായമാകുമ്പോൾ ശരീരത്തിന്റെ പോഷക ആവശ്യങ്ങൾ മാറുന്നു. പ്രായമാകുമ്പോൾ പേശികളുടെ അളവ് കുറയുകയും വിശപ്പിൽ മാറ്റങ്ങൾ വരികയും ചെയ്യും. ചോറ് ഒഴിവാക്കുമ്പോൾ പകരം ആവശ്യത്തിന് കലോറിയും പോഷകങ്ങളും ശരീരത്തിന് ലഭിച്ചില്ലെങ്കിൽ, അത് പേശികളുടെ ബലക്ഷയത്തിനും (സർകോപീനിയ) മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പ്രായമായവരിൽ പേശികൾ ക്ഷയിക്കുന്നത് അവരുടെ നടപ്പിനെയും പ്രതിരോധശേഷിയെയും പ്രതികൂലമായി ബാധിക്കാം.
പ്രമേഹമോ അമിതവണ്ണമോ ഉള്ളവർ വെളുത്ത അരിയുടെ അളവ് കുറയ്ക്കുന്നത് നല്ലതാണ്. എന്നാൽ കാർബോഹൈഡ്രേറ്റ് പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. വെളുത്ത അരിക്ക് പകരം ബ്രൗൺ റൈസ്, റാഗി, തിന, ഓട്സ്, ചെറുപയർ തുടങ്ങിയ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടാതെ ചോറ് കഴിക്കുമ്പോൾ മീൻ, പയറുവർഗ്ഗങ്ങൾ, തൈര്, പച്ചക്കറികൾ എന്നിവയോടൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും.
മുതിർന്ന പൗരന്മാർക്ക് എല്ലാവർക്കും യോജിക്കുന്ന ഒറ്റ ഭക്ഷണക്രമം ഇല്ല. പ്രോട്ടീൻ, പച്ചക്കറികൾ, പഴങ്ങൾ, ഫൈബർ എന്നിവ കൃത്യമായ അളവിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തെക്കുറിച്ച് ICMR-NIN നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം ഒരു പ്രധാന ഭക്ഷണം പൂർണ്ണമായി ഒഴിവാക്കുന്നതിനേക്കാൾ വിഭിന്നങ്ങളായ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനാണ് ഉപദേശിക്കുന്നത്.
ചോറ് സ്വയം നല്ലതോ ചീത്തയോ അല്ല. അത് ഏത് തരം അരിയാണ്, എത്രത്തോളം കഴിക്കുന്നു, എങ്ങനെയുണ്ടാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അമിതാഭ് ബച്ചൻ എടുത്ത തീരുമാനം അദ്ദേഹത്തിന് അനുയോജ്യമായിരിക്കാം, എന്നാൽ 70 കളിലും 80 കളിലും ഉള്ള എല്ലാവരും അത് അതേപടി അനുകരിക്കേണ്ടതില്ല. പേശികളുടെ ബലവും ഉപാപചയ ആരോഗ്യവും നിലനിർത്തിക്കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഭക്ഷണരീതിയാണ് പ്രായമായവർക്ക് ഏറ്റവും അനുയോജ്യം. പ്രായമാകുമ്പോൾ ഭക്ഷണം കഴിക്കുന്നത് തീരെ കുറയ്ക്കുകയല്ല, മറിച്ച് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായി നൽകുകയാണ് വേണ്ടത്.




