Healthy Food

മുട്ടയേക്കാൾ 4 മടങ്ങ് പ്രോട്ടീൻ! എന്നാലും സോയാ ചങ്ക്സ് കഴിക്കുമ്പോൾ സൂക്ഷിക്കണം; കാരണം ഇതാണ്

ദിവസേന ആവശ്യമായ പ്രോട്ടീൻ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. പേശികളുടെയും കോശങ്ങളുടെയും വളർച്ചയ്ക്കും അറ്റകുറ്റപ്പണികൾക്കും ഹോർമോണുകളുടെ ഉത്പാദനത്തിനും ശരീരത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. പ്രോട്ടീൻ നൽകുന്ന രണ്ടു പ്രധാന ഭക്ഷണങ്ങളാണ് മുട്ടയും സോയാ ചങ്ക്‌സും.

ശരീരത്തിന് ആവശ്യമായ ഒൻപത് എസ്സെൻഷ്യൽ അമിനോ ആസിഡുകളും അടങ്ങിയ ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ ഉറവിടമാണ് മുട്ട. കൂടാതെ വിറ്റാമിനുകളും മിനറലുകളും മുട്ടയിൽ ധാരാളമുണ്ട്. അതേസമയം, കൊഴുപ്പ് നീക്കിയ സോയാ മാവിൽ നിന്ന് നിർമ്മിക്കുന്ന സോയാ ചങ്ക്‌സ് സസ്യഭുക്കുകൾക്ക് മികച്ച ഒരു പ്രോട്ടീൻ ഭക്ഷണമാണ്. ഇതിൽ കൊളസ്ട്രോൾ കുറവും നാരുകൾ കൂടുതലുമാണ്.

100 ഗ്രാം ഉണങ്ങിയ സോയാ ചങ്ക്‌സിൽ ഏകദേശം 52 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുമ്പോൾ, 100 ഗ്രാം മുട്ടയിൽ 13 ഗ്രാം പ്രോട്ടീൻ മാത്രമേയുള്ളൂ. എന്നാൽ ഇതിലൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 52 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നത് ഉണങ്ങിയ സോയാ ചങ്ക്‌സിൽ നിന്നാണ്. ഇവ വെള്ളത്തിൽ കുതിർത്ത് വേവിച്ചെടുക്കുമ്പോൾ ഭാരം മൂന്നിരട്ടിയായി വർദ്ധിക്കുന്നു. അതുകൊണ്ട് വേവിച്ച 100 ഗ്രാം സോയാ ചങ്ക്‌സ് കഴിക്കുമ്പോൾ യഥാർത്ഥത്തിൽ 13 മുതൽ 15 ഗ്രാം വരെ പ്രോട്ടീൻ മാത്രമേ ശരീരത്തിന് ലഭിക്കുന്നുള്ളൂ. വേവിച്ച ശേഷം 100 ഗ്രാം ഉണങ്ങിയ സോയാ കഴിക്കണമെങ്കിൽ ഏകദേശം 300 ഗ്രാം വലിപ്പത്തിലുള്ള ഭക്ഷണം കഴിക്കേണ്ടി വരും. ഇത് വയർ വീർക്കുന്നതിനും ദഹനക്കേടിനും കാരണമായേക്കാം. എന്നാൽ രണ്ടു മൂന്ന് മുട്ട കഴിക്കുന്നത് ഇതിനേക്കാൾ എളുപ്പമാണ്.

മുട്ടയുടെയും സോയാ ചങ്ക്‌സിന്റെയും ഗുണദോഷങ്ങൾ പരിശോധിച്ചാൽ, മുട്ടയിലെ പ്രോട്ടീൻ ശരീരം വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു. കൂടാതെ വിറ്റാമിൻ ബി12, ഒമേഗ-3, കോളിൻ എന്നിവയും മുട്ടയിലുണ്ട്. എന്നാൽ മുട്ടയുടെ മഞ്ഞക്കരുവിൽ കൊഴുപ്പും കൊളസ്ട്രോളും കൂടുതലായതിനാൽ ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ടതുണ്ട്. സോയാ ചങ്ക്‌സിനെ അപേക്ഷിച്ച് മുട്ടയ്ക്ക് വിലയും കൂടുതലാണ്.

മറുവശത്ത്, വളരെ കുറഞ്ഞ ചിലവിൽ കൊഴുപ്പില്ലാതെ പ്രോട്ടീൻ നൽകാൻ സോയാ ചങ്ക്‌സിന് സാധിക്കും. ഇത് കൊളസ്ട്രോൾ ഇല്ലാത്തതും നാരുകൾ അടങ്ങിയതുമാണ്. എങ്കിലും സോയാ ചങ്ക്‌സ് ശരിയായി തിളപ്പിച്ച് കഴ കഴുകിയില്ലെങ്കിൽ ഇതിലെ ചില ഘടകങ്ങൾ മിനറലുകൾ ആഗിരണം ചെയ്യുന്നത് തടഞ്ഞേക്കാം. കൂടാതെ പ്രതിദിനം 50 മുതൽ 100 ഗ്രാമിൽ കൂടുതൽ സോയാ ചങ്ക്‌സ് കഴിക്കുന്നത് ഗ്യാസ്, വയറെരിച്ചിൽ, മലബന്ധം എന്നിവയ്ക്ക് കാരണമാകാം.

അതുകൊണ്ട് ഏതെങ്കിലും ഒരു ഭക്ഷണം മാത്രം ആശ്രയിക്കാതെ, വിവിധ തരത്തിലുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള സമീകൃതാഹാരം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം.