Crime

കാമുകിക്ക് iPhone വേണം, റിസോർട്ടില്‍ താമസിക്കണം, അപ്പന്റെ 50 ലക്ഷം അടിച്ചുമാറ്റി മകന്‍, പിടിച്ച പൊലീസില്‍ ഏല്‍പ്പിച്ച് പിതാവ്

സ്വന്തം വീട്ടിലെ ലോക്കർ തകർത്ത് 50 ലക്ഷം രൂപയുടെ പണവും സ്വർണ്ണാഭരണങ്ങളും കവർന്ന 25-കാരൻ അറസ്റ്റില്‍. അസമിലെ ജോർഹാട്ടിൽ യാഷ് ധനുക അഗർവാൾ എന്ന യുവാവാണ് കവർച്ച നടത്തിയ ശേഷം അഹമ്മദാബാദിലേക്ക് കടന്നത്. തുടർന്ന് പിതാവ് നേരിട്ട് അഹമ്മദാബാദിലെത്തി മകനെ കണ്ടെത്തി ജോർഹാട്ടിൽ തിരികെ എത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഓഗസ്റ്റ് 11-ന് വീട്ടുകാർ പുറത്തുപോയ സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് മോഷണം പോയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടുമായി അടുത്ത ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് സംശയിച്ചു. ഫോൺ ലോക്കേഷൻ പിന്തുടർന്നാണ് യാഷ് അഹമ്മദാബാദിലുണ്ടെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി ജോർഹാട്ട് സദർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഋഷികേശ് ഹസാരിക അറിയിച്ചു. കൂട്ടുകാരായ ജിതു സോമനിയും രോഹിത് പ്രസാദും ചേർന്നാണ് മോഷണംസൂത്രണം ചെയ്തതെന്നും ഒരു പൂട്ടുകാരന്റെ സഹായത്തോടെയാണ് ലോക്കർ തുറന്നതെന്നും യാഷ് മാധ്യമങ്ങളോട് പറഞ്ഞു.

കവർന്ന തുകയിൽ 5 ലക്ഷം രൂപയോളം തന്റെ പെൺസുഹൃത്തായ പുബാലി ദത്തയ്ക്ക് വേണ്ടി ചെലവഴിച്ചതായി യാഷ് സമ്മതിച്ചു. ഇതിൽ 1.5 ലക്ഷം രൂപയുടെ ഐഫോണും റിസോർട്ടുകളിലെ താമസവും ഉൾപ്പെടുന്നു. കേസിൽ പുബാലിയെ നിലവിൽ പ്രതിയാക്കിയിട്ടില്ലെങ്കിലും ഉടൻ ചോദ്യം ചെയ്തേക്കും. യാഷിന്റെ സുഹൃത്തുക്കളായ ജിതേന്ദ്ര സോമനി, രോഹിത് പ്രസാദ് എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയ പൊലീസ് മോഷണം പോയ പണവും സ്വർണ്ണവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.