യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടുംബത്തിന് അപൂർവമായ ഭീഷണി ഉയർത്തി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ. ട്രംപിന്റെ മകൻ ബാരൺ ട്രംപിനെ വധിക്കാനുള്ള വഴികൾ വിവരിക്കുന്ന വീഡിയോ സംപ്രേഷണം ചെയ്ത ഇറാന്റെ ഔദ്യോഗിക ചാനൽ, ഇതിനായി 10 ദശലക്ഷം ഡോളർ (ഏകദേശം 95 കോടിയിലധികം രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു.
ഐആർജിസി (IRGC) അനുകൂല മാധ്യമങ്ങൾ നിർമ്മിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷന്റെ മൂന്നാം ചാനലിലൂടെ സംപ്രേഷണം ചെയ്ത “വെയർ ടു കിൽ ബാരൺ ട്രംപ്” (ബാരൺ ട്രംപിനെ എവിടെ വെച്ച് വധിക്കാം) എന്ന വീഡിയോയിൽ ഇരുപതുകാരനായ ബാരണിന്റെ നീക്കങ്ങൾ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ബാരൺ നിരന്തര നിരീക്ഷണത്തിലാണെന്നും, സുരക്ഷാ ഏജൻസിയായ സീക്രട്ട് സർവീസിനെ വെട്ടിച്ച് ഒരു പെൺകുട്ടി മുമ്പ് അദ്ദേഹത്തോടൊപ്പം ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും വീഡിയോ അവകാശപ്പെടുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് എക്സ്ബോക്സ് (Xbox) വഴിയാണ് ബാരൺ ശബ്ദ-ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുന്നതെന്നും, അദ്ദേഹത്തിന്റെ എക്സ്ബോക്സ്, ഫിഫ ഗെയിമിംഗ്, ഡിസ്കോർഡ് അക്കൗണ്ടുകൾ തങ്ങൾ കണ്ടെത്തിയെന്നും വീഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാസം യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിനെ പരസ്യമായി ലക്ഷ്യമിട്ടുള്ള മറ്റൊരു വീഡിയോയും ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിരുന്നു. “വെയർ ടു കിൽ മെലാനിയ” (മെലാനിയയെ എവിടെ വെച്ച് വധിക്കാം) എന്ന് പേരിട്ട ആ വീഡിയോയുടെ അവസാനം ബാരൺ ട്രംപിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് “ഇതൊരു തുടക്കം മാത്രമാണ്, ബാരൺ ട്രംപ് ഞങ്ങൾക്കായി കാത്തിരിക്കൂ” എന്ന മുന്നറിയിപ്പോടെയാണ് അവസാനിക്കുന്നത്. ന്യൂയോർക്ക് നഗരത്തിൽ മെലാനിയ സഞ്ചരിക്കുന്ന വഴികളും അവർ സാധനങ്ങൾ വാങ്ങാൻ സാധ്യതയുള്ള പ്രമുഖ ഡിസൈനർ ഷോപ്പുകളും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത്തരം ഷോപ്പിംഗ് യാത്രകൾ ആക്രമണങ്ങൾക്ക് അനുയോജ്യമാണെന്നും അവർ വാങ്ങുന്ന വസ്ത്രങ്ങളിൽ നാഡീവ്യൂഹത്തെ തളർത്തുന്ന വിഷാംശം കലർത്താമെന്നും വീഡിയോ നിർദ്ദേശിക്കുന്നു.
അതേസമയം മെലാനിയയ്ക്കും ബാരണിനും സീക്രട്ട് സർവീസിന്റെ ഇരുപത്തിനാല് മണിക്കൂറും നീളുന്ന സുരക്ഷയുണ്ടെന്നും വൈറ്റ് ഹൗസ്, ട്രംപ് ടവർ, മാര-എ-ലാഗോ ഉൾപ്പെടെയുള്ള ട്രംപിന്റെ വസതികളെല്ലാം കടുത്ത സുരക്ഷയിലാണെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇറാൻ നിലവിൽ സാമ്പത്തികമായി തകർന്നടിയുകയാണെന്ന് തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയാണ് ഈ പുതിയ ഭീഷണി വന്നിരിക്കുന്നത്. ഇറാന് മേൽ ശക്തമായ സാമ്പത്തിക ഉപരോധ നടപടികൾ പ്രഖ്യാപിക്കാൻ യുഎസ് ഒരുങ്ങുകയാണ്. ഇതിനെ “സാമ്പത്തിക ഡി-ഡേ” (Economic D-Day) എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വിശേഷിപ്പിച്ചത്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾ ആഗോളതലത്തിൽ ഒറ്റപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, യുഎസിന്റെ ഈ നടപടികൾ അവരുടെ സൈനിക പരാജയത്തിന്റെ സമ്മതപത്രമാണെന്ന് വിശേഷിപ്പിച്ച ഇറാൻ, വാഷിംഗ്ടണിനെ സഹായിക്കരുതെന്ന് മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പും നൽകി.




