പശ്ചിമഘട്ടത്തിലെ മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെ ഓറഞ്ചും വെള്ളയും കലർന്ന വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിന്റെ മനോഹരമായ ആകാശദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. എഫ്.പി.വി ക്രിയേറ്ററായ @hemisphere.fpv ചിത്രീകരിച്ച ഈ തത്സമയ ഡ്രോൺ ദൃശ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചതോടെയാണ് ശ്രദ്ധ നേടിയത്. പച്ചപ്പ നിറഞ്ഞ കാടുകൾക്കും കുത്തനെയുള്ള മലഞ്ചെരുവുകൾക്കും ഇടയിലൂടെ മഞ്ഞും തുളച്ച് ട്രെയിൻ കുതിക്കുന്നത് പശ്ചിമഘട്ടത്തിലൂടെ ഒരു ഓറഞ്ച് പാമ്പ് ഇഴഞ്ഞുപോകുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.
കർണാടകയിലെ സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് മേഖലയിൽ (ശിരാടി ഘാട്ട്) അടുത്തിടെ നടന്ന പരീക്ഷണ ഓട്ടത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ബംഗളൂരു-മംഗളൂരു റെയിൽ പാതയുടെ ഭാഗമായ ഈ പ്രദേശം കുത്തനെയുള്ള കയറ്റങ്ങൾ, വളവുകൾ, തുരങ്കങ്ങൾ, പാലങ്ങൾ എന്നിവ നിറഞ്ഞ കാഠിന്യമേറിയ ഭൂപ്രകൃതിക്ക് പേര് കേട്ടതാണ്.
വളരെ ആധുനികമായ ഒരു ട്രെയിൻ നിബിഡ വനങ്ങൾക്ക് നടുവിലൂടെ ഓടുന്നതിന്റെ മനോഹരമായ കാഴ്ചയാണ് വീഡിയോയിലുള്ളത്. “പുതിയ കാലത്തിന്റെ ട്രെയിനുകൾ! മേക്ക് ഇൻ ഇന്ത്യ കുറച്ചുകൂടി പ്രയോജനപ്പെടുത്താം,” എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗിയെയും ഇത്തരം സങ്കീർണ്ണമായ പാതയിൽ ആധുനിക ട്രെയിൻ സർവീസ് നടത്തുന്നതിലെ എഞ്ചിനീയറിംഗ് മികവിനെയും വാനോളം പുകഴ്ത്തി നിരവധി ആളുകളാണ് രംഗത്തെത്തിയത്.
57 തുരങ്കങ്ങളും 258 പാലങ്ങളും 108 വളവുകളും നിറഞ്ഞതാണ് ഈ റെയിൽവേ പാത. 2026 ഓഗസ്റ്റ് പകുതിയോടെയാണ് ഇത്തരം വെല്ലുവിളി നിറഞ്ഞ പാതയിൽ വന്ദേ ഭാരത് ഓടിക്കുന്നതിന്റെ പ്രകടനക്ഷമതയും സുരക്ഷയും പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങൾ റെയിൽവേ അധികൃതർ ആരംഭിച്ചത്.




