Featured Oddly News

പ്ലംബർമാരേ.. UKയ്ക്ക് വിട്ടോ.. ! 20 മിനിറ്റിന് 12,000 രൂപ! മേൽക്കൂര വൃത്തിയാക്കിയതിന്റെ ബില്ല് കണ്ട് ഞെട്ടി യുവതി !

യുകെയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വനിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വീടിന്റെ മേൽക്കൂരയിലെ ഡ്രെയിനേജ് പൈപ്പുകൾ വൃത്തിയാക്കാൻ എത്തിയ തൊഴിലാളി ചെറിയൊരു ജോലിക്ക് വലിയ തുക ഈടാക്കിയതാണ് മഞ്ജു ഷെഖാവത്തിനെ അത്ഭുതപ്പെടുത്തിയത്. വെറും 20 മിനിറ്റ് മാത്രം എടുത്ത ഈ ജോലിക്ക് 92 പൗണ്ടാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 12,000 രൂപ) തൊഴിലാളി വാങ്ങിയത്.

തൊഴിലാളി ഗോവണിയിൽ കയറി മേൽക്കൂരയിലെ ഡ്രെയിനേജിൽ അടിഞ്ഞുകൂടിയ ചെളിയും ഉണങ്ങിയ ഇലകളും വൃത്തിയാക്കി ബക്കറ്റിലാക്കി മാറ്റുന്നത് മഞ്ജു വീഡിയോയിൽ കാണിക്കുന്നുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് ജോലി തീർത്തതിനും അതിന് ഈടാക്കിയ ഉയർന്ന തുകയ്ക്കുമാണ് ഇവർ ആശങ്ക പ്രകടിപ്പിച്ചത്. “20 മിനിറ്റിന് 92 പൗണ്ട്, അതായത് ഏകദേശം 12,000 രൂപ,” എന്ന് ഇവർ വീഡിയോയിൽ പറയുന്നു. ഇന്ത്യയിലാണെങ്കിൽ ഇതെല്ലാം നമ്മൾ സ്വന്തമായി തന്നെ വൃത്തിയാക്കാറുണ്ടെന്നും, ഇവിടെ യുകെയിൽ മേൽക്കൂരയിൽ കയറാൻ ഒരു ഗോവണി പോലും കിട്ടാനില്ലാത്തതിനാലാണ് ആളുകളെ വിളിക്കേണ്ടി വരുന്നതെന്നും ഇവർ കുറിച്ചു.

എന്നാൽ വീഡിയോ വൈറലായതോടെ വിദേശരാജ്യങ്ങളിൽ ജീവനച്ചെലവ് കൂടുതലായതിനാൽ ശാരീരിക അധ്വാനമുള്ള ജോലികൾക്ക് വലിയ തുക ഈടാക്കുന്നത് സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. സമയത്തിനല്ല, മറിച്ച് അതിലുള്ള നൈപുണ്യത്തിനും ജീവൻ പണയം വെച്ച് ചെയ്യുന്ന അപകടസാധ്യതയ്ക്കുമാണ് പണം നൽകുന്നതെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ഇന്ത്യയിലെയും യുകെയിലെയും ശരാശരി വേതന നിരക്കിലെ വ്യത്യാസമാണ് ഇതെന്നും, സ്വന്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ ആശ്രയിക്കുമ്പോൾ ഉയർന്ന തുക നൽകേണ്ടി വരുമെന്നും മറ്റുചിലരും അഭിപ്രായപ്പെട്ടു.