Oddly News

റോഡ് പുഴയായി, ഗതികെട്ട് ഡ്രമ്മിൽ കെട്ടിയ തെപ്പത്തിൽ മൃതദേഹം ചുമന്ന് ഗ്രാമീണർ! വീഡിയോ വൈറൽ

ഭോപ്പാൽ (മധ്യപ്രദേശ്): റോഡില്ലാത്തതും വെള്ളപ്പൊക്കവും കാരണം ഗ്രാമവാസികൾ ചേർന്ന് മൃതദേഹം ഡ്രമ്മുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ താൽക്കാലിക ചങ്ങാടത്തിൽ കൊണ്ടുപോകുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രേവ ജില്ലയിലെ ജവാ തഹസീൽ പരിധിയിലാണ് സംഭവം നടന്നത്. ആംബുലൻസിന് എത്താൻ കഴിയാത്തതിനെ തുടർന്ന് നാട്ടുകാർക്ക് തന്നെ മൃതദേഹം കൊണ്ടുപോകേണ്ടി വരികയായിരുന്നു.

കവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെ രണ്ട് ഡ്രമ്മുകൾ കൂട്ടിക്കെട്ടി അതിന് മുകളിലാണ് മൃതദേഹം വീടുകളിലേക്ക് എത്തിച്ചത്. തങ്ങൾ നിരവധി പരാതികൾ നൽകിയിട്ടും സർപഞ്ച് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വീഡിയോയിൽ നാട്ടുകാർ ആരോപിക്കുന്നുണ്ട്. ‘തങ്ങൾ എം.എൽ.എയുടെ ആളുകളാണെന്നും കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെ തുടരുമെന്നും, ആര് ജീവിച്ചാലും മരിച്ചാലും തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നുമാണ്’ സർപഞ്ച് പറയുന്നതെന്ന് ഗ്രാമവാസികൾ കുറ്റപ്പെടുത്തി.

വെള്ളപ്പൊക്ക ദുരിതത്തിലായ പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ ദുരിതത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഗ്രാമീണ മേഖലകളിൽ ഇന്നും അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന ഗുരുതരമായ യാഥാർത്ഥ്യവും ഇത് വ്യക്തമാക്കുന്നു. മരിച്ച വ്യക്തിയെക്കുറിച്ചോ സംഭവത്തിന്റെ കൃത്യമായ സ്ഥലത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരു മാസം മുൻപ്, ജൂലൈ 4-നും സമാനമായ മറ്റൊരു സംഭവം പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് സൗകര്യമോ ആംബുലൻസോ ലഭിക്കാത്തതിനെ തുടർന്ന് രോഗിയായ ആദിവാസി സ്ത്രീയെ കട്ടിലിൽ കിടത്തി നാട്ടുകാർ ആശുപത്രിയിലേക്ക് ചുമന്നുകൊണ്ടുപോകുന്ന വീഡിയോ അന്ന് പുറത്തുവന്നിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ആ സ്ത്രീ മരണപ്പെടുകയായിരുന്നു.