Spotlight

വേദിയില്‍ രാഹുൽ ഗാന്ധിക്ക് യുവതിയുടെ അപ്രതീക്ഷിത ചുംബനം; നാടകീയ രംഗങ്ങൾ, വീഡിയോ വൈറൽ

മഹാരാഷ്ട്രയിലെ പൂനെയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത ‘ഛാത്രോം കി ഗൂഞ്ച്’ എന്ന യുവജന സംഗമത്തിനിടെ നാടകീയ സംഭവങ്ങൾ . പരിപാടിക്കിടെ സ്റ്റേജിൽ വെച്ച് ഒരു യുവതി രാഹുൽ ഗാന്ധിയുടെ കവിളിൽ ചുംബിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എക്സിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ നിരവധി ആളുകൾ കണ്ടുകഴിഞ്ഞു.

വേദിയിൽ വിദ്യാർഥികളോട് സംസാരിച്ച ശേഷം തിരിഞ്ഞുനടന്ന രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് മഞ്ഞ ഷർട്ടും നീല ജീൻസും ധരിച്ചെത്തിയ യുവതി, സെൽഫി എടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ചുംബിച്ചത്. സംഭവത്തിന് ശേഷം രാഹുൽ ഗാന്ധി അവരോട് സൗഹൃദപൂർവ്വം സംസാരിക്കുകയും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വേദിയിൽ നിന്ന് മടങ്ങുകയും ചെയ്തു.

സ്ത്രീകൾക്ക് അദ്ദേഹത്തോടൊപ്പമുള്ള സുരക്ഷിതത്വവും സ്വാഭാവിക പെരുമാറ്റവുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പലരും വിഡിയോയെ പ്രശംസിച്ചു. ഒരു പെൺകുട്ടിക്ക് പൊതുസ്ഥലത്ത് സ്നേഹപ്രകടനം നടത്താൻ കഴിയുന്ന ഒരു ബിജെപി നേതാവിന്റെ പേര് പറയാമോ എന്ന് ചോദിച്ച് ചിലർ കോൺഗ്രസ് നേതാവിനെ പിന്തുണച്ച് രംഗത്തെത്തി.

എന്നാൽ, വിഡിയോക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. നേതാക്കളുടെ പെരുമാറ്റവും സത്യസന്ധതയും ദേശസ്നേഹവുമാണ് വിലയിരുത്തപ്പെടേണ്ടതെന്നും പൊതുസ്ഥലത്തെ ഇത്തരം പ്രകടനങ്ങളല്ല രാഹുൽ ഗാന്ധിയുടെയോ കോൺഗ്രസ് പാർട്ടിയുടെയോ നിലവാരം നിശ്ചയിക്കേണ്ടതെന്നും വിമർശകർ കുറിച്ചു.