Celebrity

‘നാളെയല്ലേ വിവാഹവാർഷികം? ‘അതൊക്കെ പണ്ട്’ ’; ജീവയും അപര്‍ണയും വേര്‍പിരിയുന്നു, ‘തികച്ചും ഒറ്റയ്ക്ക്, മുന്നോട്ട്…’

അവതാരകരായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ അപർണയുടെ പ്രതികരണത്തിലൂടെ സ്ഥിരീകരണം. ഇരുവരും അകൽച്ചയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രണ്ടുപേരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. എന്നാൽ, തന്റെ മുപ്പത്തിരണ്ടാം ജന്മദിനത്തിൽ അപർണ പങ്കുവെച്ച കുറിപ്പും അതിനു താഴെ വന്ന കമന്റുകൾക്ക് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾക്ക് വഴിതുറന്നത്.

‘ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂപക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. ഇനിയും മുന്നോട്ട്, കൂടുതൽ ഉയരങ്ങളിലേക്ക്, അതും തികച്ചും ഒറ്റയ്ക്ക്’ എന്നായിരുന്നു അപർണയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഇതിനു താഴെ നാളെയല്ലേ വിവാഹവാർഷികം എന്ന് ചോദിച്ച ആരാധകന് ‘അതൊക്കെ പണ്ട്’ എന്ന് അപർണ മറുപടി നൽകിയതോടെയാണ് വേർപിരിയൽ വാർത്തകൾക്ക് വ്യക്തത വന്നത്.

എന്നാൽ താരത്തിന്റെ ഈ മറുപടിക്ക് താഴെ വലിയ നിരാശയാണ് ആരാധകർ പങ്കുവെക്കുന്നത്. സംസാരിച്ചു തീർക്കാവുന്ന പ്രശ്നങ്ങളാണെങ്കിൽ വേർപിരിയാതെ ഒന്നിക്കണമെന്ന് അഭ്യർത്ഥിക്കുന്ന കമന്റുകളാണ് ഭൂരിഭാഗവും. മാസങ്ങളായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും അപർണയുടെ ഈ വാക്കുകൾ ആരാധകർക്ക് വലിയ വിഷമമുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, വ്യക്തിജീവിതത്തിലെ ഈ തിരിച്ചടികളെക്കുറിച്ച് ജീവയോ അപർണയോ ഇതുവരെ മാധ്യമങ്ങളോട് ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് മോഡലിംഗിലും യുട്യൂബിലും സജീവമായ അപർണയും, ജനപ്രിയ അവതാരകനായതിനൊപ്പം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്ന ജീവയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായിരുന്നു.