മുംബൈ: ശിവസേന കോർപ്പറേറ്റർ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് ആഴ്ചകൾക്ക് ശേഷം വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. കല്യാണിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം . മര്യാദയില്ലാത്ത ഭാഷയിൽ സംസാരിച്ചത് ചോദ്യം ചെയ്ത ഓർത്തോപീഡിക് വിദഗ്ധനായ ഡോ. യോഗേന്ദ്ര ജെയ്സ്വാളിനെ രോഗിയുടെ മകൻ അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ശനിയാഴ്ച രാത്രി 11 മണിയോടെ ഡോക്ടർ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. വാരിയെല്ലിന് പരിക്കേറ്റ ജയ്വന്ത് ദേശ്മുഖ് എന്ന രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നും ബാൻഡേജ് ഇടുന്നതും മരുന്നുകൾ കഴിക്കേണ്ടതുമായ വിവരങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ചു നൽകിയെന്നും ഡോ. യോഗേന്ദ്ര ജെയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രോഗിയുടെ മകൻ ഒരേ ചോദ്യം തന്നെ വീണ്ടും വീണ്ടും ചോദിക്കുകയും ബഹുമാനമില്ലാത്ത ഭാഷയിൽ സംസാരിക്കുകയുമായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി.
മര്യാദയില്ലാത്ത ഭാഷയിൽ സംസാരിക്കുന്നത് ചോദ്യം ചെയ്തപ്പോൾ ‘നീ ഏതാ വലിയ ഡോക്ടറാണോ’ എന്ന് ചോദിച്ചുകൊണ്ട് അയാൾ പുറത്തേക്ക് പോവുകയും ചീത്തവിളിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ തിരികെ വന്ന് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. അക്രമിക്കെതിരെ ഉടനടി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദോംബിവ്ലിയിലെ ആക്രമണത്തിന് തൊട്ടുപിന്നാലെയുണ്ടായ ഈ സംഭവം ഡോക്ടർമാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആശുപത്രി സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഇത്തരമൊരു അന്തരീക്ഷത്തിൽ ആശുപത്രികൾക്ക് എങ്ങനെ പ്രവർത്തിക്കാനാകുമെന്നാണ് വൈദ്യശാസ്ത്ര മേഖലയിലുള്ളവർ സർക്കാരിനോട് ചോദിക്കുന്നത്. ജൂലൈ ആദ്യം കല്യാൺ-ദോംബിവ്ലിയിലെ ശിവസേന കോർപ്പറേറ്ററായ രമേഷ് വനിതാ ഡോക്ടറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാളും അനുയായികളും മറ്റ് ജീവനക്കാരെയും നഴ്സുമാരെയും മർദ്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡോക്ടറെ ആക്രമിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട കോർപ്പറേറ്റർ മാപ്പ് പറയാൻ വിസമ്മതിക്കുകയാണുണ്ടായത്.
വർഷങ്ങളോളം പഠിച്ചും കഠിനാധ്വാനം ചെയ്തുമാണ് ഡോക്ടർമാർ രോഗികളുടെ ജീവൻ രക്ഷിക്കുന്നത്, എന്നാൽ അംഗീകാരത്തിന് പകരം മർദ്ദനമാണ് ലഭിക്കുന്നതെന്നും ഇത് തികച്ചും തെറ്റാണെന്നും മാനസികമായി തളർന്ന ഡോ. ജെയ്സ്വാൾ പറഞ്ഞു.




