Oddly News

സുന്ദരന്‍, 40 ലക്ഷം ശമ്പളം, എന്നിട്ടും വിവാഹാലോചന നിരസിച്ചു: കാരണം രാഹുൽ ഗാന്ധി, പോസ്റ്റ് വൈറൽ!

ഒരു വിചിത്രമായ കാരണം പറഞ്ഞ് വിവാഹാലോചന നിരസിച്ചതായി അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രതിവർഷം 40 ലക്ഷം രൂപ വരുമാനമുള്ള, സുന്ദരനായ ഒരു യുവാവിന്റെ വിവാഹാലോചന, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സ്വന്തം ‘റോൾ മോഡലായി’ കരുതുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് താൻ വേണ്ടെന്നുവെച്ചു എന്നാണ് ഒരു യുവതി എക്സിൽ (ട്വിറ്റർ) കുറിച്ചത്.

‘ആരുഹി റെഡ്ഡി’ എന്ന വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടിരിക്കുന്നത്. “എനിക്ക് അടുത്തിടെ ഒരു വിവാഹാലോചന വന്നു. ചെക്കൻ നല്ല സുന്ദരനാണ്, 40 ലക്ഷം രൂപ വാർഷിക വരുമാനമുണ്ട്, നല്ല കുടുംബവുമാണ്. എന്നാൽ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ അത് നിരസിച്ചത് — അവന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ രാഹുൽ ഗാന്ധിയെ റോൾ മോഡലായി നൽകിയിരിക്കുന്നത് ഞാൻ കണ്ടു. ഒരു അഭിമാനിയായ ദേശീയവാദി ഹിന്ദു എന്ന നിലയിൽ, തോറ്റൊരാളെ റോൾ മോഡലായി കാണുന്ന ഒരാളെ എനിക്ക് ജീവിതപങ്കാളിയാക്കാൻ കഴിയില്ല,” എന്ന് യുവതി പോസ്റ്റിൽ എഴുതി. കൂടാതെ, തനിക്ക് കഴിഞ്ഞ മാസമാണ് 18 വയസ്സ് തികഞ്ഞതെന്നും കമന്റ് ബോക്സിൽ യുവതി വ്യക്തമാക്കുന്നുണ്ട്.

ഓഗസ്റ്റ് 17-ന് പങ്കുവെച്ച ഈ പോസ്റ്റ് ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ രീതിയിലുള്ള സമ്മിശ്ര പ്രതികരണങ്ങളാണ് ഇതേച്ചൊല്ലി ഉയർന്നുവരുന്നത്.