Health

നിങ്ങളുടെ തലയ്ക്ക് എന്തു ഭാരമുണ്ടെന്ന് അറിയാമോ? മണിക്കൂറുകളോളം ഫോണിലേയ്ക്ക് നോക്കാറുണ്ടോ ? പണി നട്ടെല്ലിനാണ് കേട്ടോ…

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ആളുകൾ ദിവസത്തിൽ ഭൂരിഭാഗം സമയവും ഫോണിലേക്കും കമ്പ്യൂട്ടറിലേക്കും മറ്റ് സ്‌ക്രീനുകളിലേക്കും നോക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും ജോലികൾ ചെയ്യുമ്പോഴും ഉള്ള ഈ ശീലം കണ്ണുകളുടെ ആയാസത്തിനും തളർച്ചയ്ക്കും പുറമേ നട്ടെല്ലിന്റെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും.

മനുഷ്യന്റെ തലയ്ക്ക് സാധാരണയായി 10 മുതൽ 12 പൗണ്ട് വരെ ഭാരമുണ്ട്. എന്നാൽ തല മുന്നോട്ട് ആഞ്ഞുനിൽക്കുമ്പോൾ കഴുത്തിലെ പേശികളിലും മുതുകിലും ഇത് വലിയ സമ്മർദ്ദമുണ്ടാക്കുന്നു. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ ‘ടെക്സ്റ്റ് നെക്ക്’ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താം. കഴുത്തിലും തോളുകളിലുമുള്ള കാഠിന്യവും വേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണം. കൂടാതെ, ചലനശേഷി കുറയുക, ശരീരത്തിന്റെ ബാലൻസ് തെറ്റുക, തലവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും നട്ടെല്ലിന്റെ തേയ്മാനത്തിനും ഇത് കാരണമാകുന്നു.

സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും മണിക്കൂറുകളോളം തല കുനിച്ചുനിന്ന് ഉപയോഗിക്കുന്നത് കഴുത്തിനും നട്ടെല്ലിനും വലിയ ആയാസമാണ് ഉണ്ടാക്കുന്നതെന്ന് പുണെ അപ്പോളോ ഹോസ്പിറ്റലിലെ സ്പൈൻ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. രാജേഷ് പരസ്നിസ് വ്യക്തമാക്കുന്നു. കൂടുതൽ സമയം ഇങ്ങനെ തുടരുന്നത് കഴുത്തിലും തോളിലും കാഠിന്യം, പേശികളുടെ തളർച്ച, തലവേദന എന്നിവയ്ക്ക് കാരണമാകും. ചിലരിൽ കൈകളിലേക്ക് പടരുന്ന വേദന, തരിപ്പ്, തരിപ്പുപോലെ തോന്നുക, തളർച്ച എന്നിവയും അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.

ദൈനംദിന ശീലങ്ങളിൽ ചില ലളിതമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇത് പ്രതിരോധിക്കാം. ലാപ്‌ടോപ്പിൽ ജോലി ചെയ്യുമ്പോൾ സ്ക്രീൻ കണ്ണിന്റെ നേർരേഖയിൽ വരുന്ന രീതിയിൽ വയ്ക്കണം. ഇതിനായി ലാപ്‌ടോപ്പ് സ്റ്റാൻഡും വേറെ കീബോർഡും മൗസും ഉപയോഗിക്കുന്നത് കഴുത്ത് കുനിയുന്നത് തടയും. ഫോൺ ഉപയോഗിക്കുമ്പോഴും തല കുനിക്കുന്നതിന് പകരം ഫോൺ കണ്ണിന്റെ ഒപ്പത്തിലേക്ക് ഉയർത്തിപ്പിടിക്കാൻ ശ്രദ്ധിക്കുക.

ബാക്ക് സ്ട്രെയ്റ്റാക്കി തോളുകൾ പിന്നോട്ട് വെച്ച് ശരിയായ രീതിയിൽ ഇരിക്കുക, ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 സെക്കൻഡ് നേരത്തേക്ക് 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുന്ന ’20-20-20 തത്വം’ പാലിച്ച് ഇടവേളകൾ എടുക്കുക, കഴുത്തിലെയും ശരീരത്തിലെയും പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾ ചെയ്യുക, മികച്ച എർഗണോമിക് കസേരകളും മേശകളും ഉപയോഗിക്കുക, പതിവായി വ്യായാമവും യോഗയും ചെയ്യുക എന്നിവ പോസ്ചർ ശരിയാക്കാൻ സഹായിക്കും. ഇത്തരം വേദനകൾ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ അത് വെറുമൊരു ജോലിബന്ധിത പ്രശ്നമായി കണ്ട് അവഗണിക്കാതെ വിദഗ്ദ്ധ ഡോക്ടറെ കാണേണ്ടതാണെന്നും ഡോ. പരസ്നിസ് ഓർമ്മിപ്പിക്കുന്നു.