വൈകുന്നേരത്തെ ചായയ്ക്കൊപ്പം ചിപ്സോ, ഭക്ഷണത്തോടൊപ്പം മധുരപാനീയങ്ങളോ, സമയം ലഭിക്കാത്തപ്പോൾ ഇൻസ്റ്റന്റ് ന്യൂഡിൽസോ കഴിക്കുന്നത് പല വീടുകളിലെയും പതിവുരീതിയായി മാറിയിരിക്കുന്നു. എന്നാൽ വല്ലപ്പോഴും കഴിക്കുന്ന ഈ ശീലം പതിവാകുന്നത് ആരോഗ്യത്തിന് വൻ ഭീഷണിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 8.8 ദശലക്ഷം ആളുകളിൽ നടത്തിയ വിശകലനത്തിൽ, ദിവസവും കൂടുതലായി കഴിക്കുന്ന ഓരോ 100 ഗ്രാം അൾട്രാ പ്രോസസ്ഡ് ഭക്ഷണവും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത 14 ശതമാനം വരെ വർധിപ്പിക്കുമെന്ന് കണ്ടെത്തി.
ഫാമിലി, മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മുതിർന്ന വ്യക്തികളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് തയ്യാറാക്കിയത്. അധികമുള്ള ഓരോ 100 ഗ്രാം അൾട്രാ പ്രോസസ്ഡ് ഭക്ഷണവും ഉയർന്ന രക്തസമ്മർദ സാധ്യത 11 ശതമാനവും, കാൻസർ സാധ്യത 4 ശതമാനവും, പ്രമേഹം അല്ലെങ്കിൽ മെറ്റബോളിക് സിൻഡ്രോം സാധ്യത 2 ശതമാനവും വർധിപ്പിക്കുന്നു. റെഡി ടു ഈറ്റ്, ഹീറ്റ് ആൻഡ് സെർവ് വിഭവങ്ങൾ, സംസ്കരിച്ച ഇറച്ചി, മധുരപാനീയങ്ങൾ എന്നിവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നവയാണ്. ഇവയിൽ ധാരാളം കൃത്രിമ ചേരുവകളും ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും പ്രോട്ടീനും വൈറ്റമിനുകളും വളരെ കുറവാണ്.
ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന അഡിറ്റീവുകളും ഉയർന്ന കാലറിയും ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഉയർന്ന സോഡിയവും പഞ്ചസാരയും രക്തസമ്മർദത്തിനും തടിക്കും വഴിവെക്കുമ്പോൾ, റിഫൈൻഡ് കാർബ്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. കൂടാതെ, ഇവയിലെ കുറഞ്ഞ നാരുകളുടെ അളവ് ദഹനവ്യവസ്ഥയുടെയും ഉദരത്തിലെ നല്ല ബാക്ടീരിയകളുടെയും ആരോഗ്യത്തെ തകരാറിലാക്കുന്നു.
മൈക്രോന്യൂട്രിയന്റുകളുടെ കുറവ് കാരണം കരളിന്റെ ആരോഗ്യം മോശമാകാനും ശരീരത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാകാനും സാധ്യതയേറെയാണ്. അതുകൊണ്ട് ഇത്തരം പായ്ക്കറ്റ് ഭക്ഷണങ്ങൾക്കും മധുരപാനീയങ്ങൾക്കും പകരം പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, മുഴുധാന്യങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. ലേബലിൽ എടുത്തുപറഞ്ഞിട്ടില്ലെങ്കിൽ പോലും വ്യാവസായികമായി സംസ്കരിച്ച ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയാണ് ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യം.




