Featured Sports

‘വീരു’വിന്റെ ഫോട്ടോ‌സ്‌റ്റാറ്റോ..? പിതാവിന്റെ ‘സിഗ്നേച്ചർ’ ഷോട്ടുമായി മകന്‍; വരവറിയിച്ച് സേവാഗിന്റെ മക്കൾ വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിളങ്ങിയ സൂപ്പർ താരങ്ങളുടെ മക്കൾ ഇപ്പോൾ മൈതാനത്ത് ശ്രദ്ധ നേടുകയാണ്. സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇവരുടെ സമകാലികനായിരുന്ന വീരേന്ദ്ര സേവാഗിന്റെ രണ്ടു മക്കളായ ആര്യവീർ സേവാഗും വേദാന്ത് സേവാഗുമാണ് ഇപ്പോൾ ഡൽഹി പ്രിമിയർ ലീഗിലൂടെ ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്. രണ്ടുപേരും വ്യത്യസ്ത ടീമുകൾക്കായാണ് ടൂർണമെന്റിൽ കളിക്കുന്നത്.

അച്ഛന്റെ പാത പിന്തുടർന്ന് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂത്ത മകൻ ആര്യവീർ സേവാഗ്, വെസ്റ്റ് ഡൽഹി ലയൺസിന്റെ ഓപ്പണിങ് ബാറ്ററാണ്. ന്യൂഡൽഹി ടൈഗേഴ്‌സിനെതിരായ മത്സരത്തിൽ ആര്യവീർ അടിച്ച ഒരു ഷോട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി. അച്ഛൻ വീരേന്ദർ സേവാഗിന്റെ പ്രസിദ്ധമായ ബാക്ക്-ഫുട്ട് പഞ്ച് ഷോട്ട് അതേപടി അനുകരിച്ചായിരുന്നു ആര്യവീറിന്റെ ഈ പ്രകടനം.

മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ പതിനെട്ടുകാരനായ ആര്യവീർ 14 പന്തിൽ നിന്ന് 4 ഫോറുകളോടെ 22 റൺസ് നേടി. 2011 ലോകകപ്പിൽ അയർലൻഡിനെതിരെ സേവാഗ് അടിച്ച ബാക്ക്-ഫുട്ട് പഞ്ചുമായി ഇതിന് ഏറെ സാമ്യമുണ്ടായിരുന്നു. ഈ രണ്ട് ഷോട്ടുകളുടെയും വീഡിയോ ഡിപിഎൽ പങ്കുവെച്ചപ്പോൾ ‘ഫോട്ടോസ്റ്റാറ്റ്’ എന്നാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് കമന്റ് ചെയ്തത്. ഈ മത്സരത്തിൽ വെസ്റ്റ് ഡൽഹി ലയൺസ് ആറു വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

മുമ്പ് 2024 നവംബറിൽ നടന്ന കുച്ച് ബിഹാർ ട്രോഫിയിൽ മേഘാലയയ്‌ക്കെതിരെ ഡൽഹിക്കായി ആര്യവീർ 309 പന്തിൽ 297 റൺസ് നേടിയിരുന്നു. ടെസ്റ്റിലെ തന്റെ ഉയർന്ന സ്കോറായ 319 റൺസ് മറികടന്നാൽ മക്കൾക്ക് ഫെരാരി കാർ സമ്മാനമായി നൽകുമെന്ന് സേവാഗ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വെറും 23 റൺസ് അകലെ വെച്ച് ആര്യവീറിന് ആ സ്വപ്ന സമ്മാനം നഷ്ടമാവുകയായിരുന്നു.

അതേസമയം ബാറ്റിങ് ഓൾറൗണ്ടറായ ഇളയ മകൻ വേദാന്ത് സേവാഗ് ഈ സീസണിലാണ് വെസ്റ്റ് ഡൽഹി ലയൺസിൽ നിന്ന് സെൻട്രൽ ഡൽഹി കിങ്സിലെത്തിയത്. ഇതുവരെ ആദ്യ പതിനൊന്നിൽ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സബ്സ്റ്റിറ്റ്യൂട്ടായി ഫീൽഡിങ്ങിലിറങ്ങി മികച്ച പ്രകടനമാണ് വേദാന്ത് കാഴ്ചവെക്കുന്നത്.