Spotlight

നാലു മാസത്തിൽ 22 വധശിക്ഷ! ജഡ്ജി രവികുമാറിന്റെ കോടതിയിൽനിന്ന് 100 കൊലക്കേസുകൾ ജില്ലാ ജഡ്ജി ഏറ്റെടുത്തു

കൊലപാതക കേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ശ്രദ്ധേയനായ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ചതോടെയാണ് ഇദ്ദേഹം വാർത്തകളിൽ ഇടംനേടിയത്. ഉന്നത കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിനെ തുടർന്നാണ് കേസുകൾ മാറ്റിയത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണിത്. ചൊവ്വാഴ്ച ഇറക്കിയ ഭരണപരമായ ഉത്തരവിലൂടെ ജില്ലാ സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങ് ഈ കേസുകൾ സ്വന്തം കോടതിയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

ജഡ്ജി രവികുമാർ ദിവാകർ തുടർച്ചയായി വധശിക്ഷ വിധിക്കുന്നതിൽ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചിരുന്നതായി ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി വ്യക്തമാക്കി. മുസാഫർനഗറിൽ ചുമതലയേറ്റ ശേഷം നാല് മാസത്തിനുള്ളിൽ 10 കേസുകളിലായി 22 പേർക്കാണ് ഇദ്ദേഹം വധശിക്ഷ നൽകിയത്. മുൻപ് ബറേലിയിൽ ജോലി ചെയ്യുമ്പോൾ 13 പേർക്കും ഇയാൾ വധശിക്ഷ വിധിച്ചിരുന്നു. ഇതോടെ തന്റെ സർവീസ് കാലയളവിൽ ആകെ 35 പേർക്കാണ് ഇദ്ദേഹം വധശിക്ഷ വിധിച്ചിട്ടുള്ളത്.

മുസാഫർനഗറിലെത്തിയ ശേഷം ഏപ്രിൽ ആറിനാണ് ജഡ്ജി ദിവാകർ ആദ്യ വധശിക്ഷ വിധിക്കുന്നത്. ഒരു അഭിഭാഷകന്റെ കൊലപാതക കേസിൽ കുറ്റക്കാരായ മൂന്ന് പേർക്കാണ് അന്ന് വധശിക്ഷ നൽകിയത്. അതിനുശേഷം ഏപ്രിൽ 28-ന് മറ്റൊരു കൊലപാതക കേസിൽ ഒരു സ്ത്രീക്കും അവരുടെ മൂന്ന് ആൺമക്കൾക്കും ഉൾപ്പെടെ ഒരേ കുടുംബത്തിലെ നാല് പേർക്ക് വധശിക്ഷ വിധിച്ചു.

തുടർന്നുള്ള മാസങ്ങളിലും വിവിധ കേസുകളിലെ പ്രതികൾക്ക് കടുത്ത ശിക്ഷകളാണ് ഇദ്ദേഹം നൽകിക്കൊണ്ടിരുന്നത്. അതേസമയം, ഇത്തരത്തിൽ കഠിനമായ ശിക്ഷകൾ നൽകുന്നതിനെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷകൾ ഹൈക്കോടതി ശരിവെച്ചാൽ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ. മുൻപ് വാരണാസിയിൽ സിവിൽ ജഡ്ജിയായിരിക്കെ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ സർവേ നടത്താൻ ഉത്തരവിട്ടതിലൂടെയാണ് രവികുമാർ ദിവാകർ ദേശീയതലത്തിൽ ശ്രദ്ധനേടിയത്.