Featured Lifestyle

ഡയാനയുടെ മരണത്തിലെ ദുരൂഹതകൾക്ക് വിട; ജീവിതവും അവസാന ദിനങ്ങളും; അറിയാക്കഥകളുമായി സഹോദരന്റെ പുസ്തകം

ഡയാന രാജകുമാരിയുടെ വേർപാടിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, അവരുടെ ജീവിതകഥ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഡയാനയോടൊപ്പം വളര്‍ന്ന സഹോദരൻ ചാൾസ് സ്പെൻസറാണ് ലോകത്തിലെ ഏറ്റവും പ്രശസ്തയായ വനിതയായി മാറും മുൻപേയുള്ള തന്റെ സഹോദരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്. ‘സ്വാന് സോങ്: ഡയാന, മൈ സിസ്റ്റർ’ (Swan Song: Diana, My Sister) എന്ന് പേരിട്ടിരിക്കുന്ന പുതിയ പുസ്തകത്തിലൂടെ ഡയാനയുടെ ജീവിതവും മരണത്തിന് തൊട്ടുമുമ്പുള്ള അവസാന ആഴ്ചയും അദ്ദേഹം ഓർത്തെടുക്കുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ഡയാനയുടെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് 2026 സെപ്റ്റംബർ 22-ന് യുണൈറ്റഡ് കിംഗ്ഡത്തിൽ പുറത്തിറങ്ങും.

1997 ഓഗസ്റ്റ് 31-ന് പാരിസിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റാണ് 36-ാം വയസ്സിൽ ഡയാന മരണപ്പെടുന്നത്. ഡയാനയുടെ വേർപാട് വലിയ രീതിയിലുള്ള പൊതുശ്രദ്ധ നേടിയിരുന്നു. പലവിധ ദുരൂഹതകള്‍ക്ക് അത് വഴിവെക്കുകയും അവരുടെ ജീവിതത്തിന്റെ വിവിധ വശങ്ങൾ ചര്‍ച്ച ചെയ്യുന്ന നിരവധി പുസ്തകങ്ങൾക്ക് കാരണമാകുകയും ചെയ്തു. എന്നാൽ സ്പെൻസറിന്റെ പുസ്തകം ഡയാനയെയും അവരുടെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളെയും കുറിച്ചുള്ള കുറച്ചുകൂടി വ്യക്തിപരമായ ഓർമ്മകളാണ് പങ്കുവെക്കുന്നത്.

മുപ്പതാം ചരമവാർഷികം അടുത്തെത്തിയതോടെ സഹോദരിയെക്കുറിച്ച് അഭിമുഖങ്ങൾ നൽകാൻ തനിക്ക് ഒട്ടേറെ അഭ്യർത്ഥനകൾ ലഭിച്ചിരുന്നതായി സ്പെൻസർ പറയുന്നു. മറ്റു മാധ്യമങ്ങളോട് വീണ്ടും സംസാരിക്കുന്നതിന് പകരം സ്വന്തം ഓർമ്മകളും ചിന്തകളും രേഖപ്പെടുത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സത്യങ്ങളല്ലാത്ത കാര്യങ്ങൾ കാലക്രമേണ അംഗീകരിക്കപ്പെടുന്നത് കാണുന്നതിലെ അസ്വസ്ഥത ഒഴിവാക്കാനും, സ്വന്തം ചിന്തകളും ഓർമ്മകളും അവസാനമായി എഴുതിവെക്കാനുമാണ് ഈ പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചാൾസ് സ്പെൻസർ വ്യക്തമാക്കി.

പൊതുസമൂഹം നിർമ്മിച്ചെടുത്ത രാജ്ഞിയുടെ ചിത്രത്തിന് അപ്പുറം ഡയാനയെ അടുത്തറിയാവുന്ന ഒരാളുടെ കണ്ണുകളിലൂടെ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സംസ്കാരച്ചടങ്ങിൽ നടത്തിയ അനുശോചന പ്രസംഗത്തിൽ ചെയ്തതുപോലെ, ഡയാനയ്ക്ക് വേണ്ടി കാര്യങ്ങൾ തുറന്നുപറയാനും അവരെക്കുറിച്ച് പോസിറ്റീവായി സംസാരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് സ്പെൻസർ കൂട്ടിച്ചേർത്തു.

പുസ്തകത്തിലെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഡയാനയുടെ ജീവിതത്തെയും അപകടത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയെയും കുറിച്ചുള്ള വിവരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ട്. ദുരന്തപൂർണ്ണമായ മരണത്തിനപ്പുറം, വരുംതലമുറയ്ക്ക് ഡയാന എന്ന യഥാർത്ഥ വ്യക്തിയെ മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുമെന്നും സ്പെൻസർ പ്രത്യാശിക്കുന്നു. ഡയാനയുടെ പ്രതാപകാലം നേരിട്ട് കണ്ടിട്ടില്ലാത്ത ചെറുപ്പക്കാർക്ക് അവരുടെ ഊർജ്ജസ്വലതയും പ്രണയവും ആത്മവിശ്വാസക്കുറവും നിറഞ്ഞ യഥാർത്ഥ വ്യക്തിത്വത്തെ തൊട്ടറിയാൻ ഈ പുസ്തകത്തിലൂടെ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.