കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ ഡോക്ടറും നഴ്സും ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിക്കന്ദർ, ഷബീർ അഹമ്മദ് ജുനസാബ്, പ്രദീപ്, ഭരത്, സന്ദീപ്, ഡോ. നാഗരാജ്, നഴ്സായ രേഖ എന്നിവരാണ് നിലവിൽ പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
തുടക്കത്തിൽ രണ്ട് പേർ ചേർന്ന് യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നും, കേസ് ഒതുക്കിതീർക്കാൻ മറ്റ് മൂന്ന് പേർ ചേർന്ന് നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചെന്നുമാണ് പരാതി ലഭിച്ചിരുന്നത്. എന്നാൽ പോലീസ് അന്വേഷണം പുരോഗമിച്ചതോടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പ്രതിപട്ടികയിലുള്ള മറ്റു രണ്ടുപേർ കൂടി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി കണ്ടെത്തി. അങ്ങനെ ആകെ നാലുപേരാണ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തത്. യുവതി മൂന്ന് മാസം ഗർഭിണിയായ ശേഷമാണ് കുടുംബാംഗങ്ങൾ വിവരം അറിയുന്നത്.
വിവരം പുറത്തറിയാതിരിക്കാൻ പണം നൽകി കേസ് ഒതുക്കാൻ പ്രതികൾ ശ്രമിക്കുകയും, പൊലീസിനെ സമീപിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം പറയുന്നു. പിന്നീട് പ്രതികളായ സന്ദീപ്, ഡോ. നാഗരാജ്, നഴ്സ് രേഖ എന്നിവർ ചേർന്ന് പത്തോളം ഗർഭച്ഛിദ്ര ഗുളികകൾ നൽകിയാണ് മൂന്ന് മാസം പ്രായമുള്ള ഗർഭം അലസിപ്പിച്ചത്. കുറിപ്പടിയില്ലാതെ മരുന്ന് വിറ്റ മെഡിക്കൽ സ്റ്റോർ ഉടമയ്ക്കായി തെരച്ചിൽ ശക്തമാക്കിയ പോലീസ്, ഇതിനുപിന്നിൽ അനധികൃത ഗർഭച്ഛിദ്ര മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്നും വിശദമായി അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ച മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ കൂടി കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്. പീഡനത്തിനിരയായ 26-കാരി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ മേൽനോട്ടത്തിൽ യുവതിക്ക് ആവശ്യമായ കൗൺസിലിംഗും മറ്റ് സഹായങ്ങളും നൽകിവരുന്നുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.




