ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിലെ കന്നി സീസണിൽ തന്നെ ഫ്രാഞ്ചൈസി ഉടമയായ സഞ്ജീവ് ഗോയങ്കയ്ക്ക് വൻ വിജയം. മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ 70 ശതമാനം ഓഹരികൾ ഏകദേശം 1251 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഗോയങ്ക, 2026 സീസണിന് മുന്നോടിയായി ടീമിന്റെ പേര് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് (MSG) എന്ന് മാറ്റിയിരുന്നു. ഞായറാഴ്ച ലോർഡ്സിൽ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിൽ ട്രെന്റ് റോക്കറ്റ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് തങ്ങളുടെ കന്നി ഹണ്ട്രഡ് കിരീടം സ്വന്തമാക്കി.
ഏഴ് സിക്സറുകളും നാല് ഫോറുകളും അടക്കം 38 പന്തിൽ 72 റൺസ് അടിച്ചുകൂട്ടിയ ന്യൂസിലാൻഡ് താരവും ആർസിബി ഓപ്പണറുമായ ടിം സീഫെർട്ടാണ് സൂപ്പർ ജയന്റ്സിന്റെ വിജയത്തിന് അടിത്തറയിട്ടത്. 23 പന്തിൽ അർദ്ധസെഞ്ചുറി തികച്ച സീഫെർട്ട്, 10 ഇന്നിംഗ്സുകളിൽ നിന്നായി 394 റൺസ് നേടി ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കി. 9 ഇന്നിംഗ്സുകളിൽ നിന്ന് 416 റൺസ് നേടിയ സൺറൈസേഴ്സ് ലീഡ്സ് താരം മിച്ചൽ മാർഷിന് തൊട്ടുപിന്നിൽ ടൂർണമെന്റിലെ രണ്ടാമത്തെ ഉയർന്ന റൺ വേട്ടക്കാരനും സീഫെർട്ടാണ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ട്രെന്റ് റോക്കറ്റ്സ് 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. 19 പന്തിൽ 38 റൺസെടുത്ത അന്യൂറിൻ ഡൊണാൾഡും 16 പന്തിൽ 32 റൺസെടുത്ത ഓൾറൗണ്ടർ ലൂയിസ് ഗ്രിഗറിയുമാണ് റോക്കറ്റ്സിനായി തിളങ്ങിയത്. സൂപ്പർ ജയന്റ്സിനായി അഫ്ഗാനിസ്ഥാൻ ചൈനാമാൻ ബൗളർ നൂർ അഹമ്മദ് 33 റൺസിന് 3 വിക്കറ്റും പേസർ സണ്ണി ബേക്കർ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ സീഫെർട്ടിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് വിജയം പിടിച്ചെടുത്തു. ലൂയിസ് ഡു പ്ലൂയി 18 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, നായകൻ ജോസ് ബട്ലർ 23 റൺസും ഓപ്പണർ പോൾ വാൾട്ടർ 22 റൺസും നേടി വിജയത്തിൽ പങ്കാളികളായി.
“തീർച്ചയായും ഇന്നത്തെ രാത്രിയിൽ വിജയിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം. ടൂർണമെന്റിലെ അവസാന അഞ്ച് മത്സരങ്ങളിൽ ഞങ്ങൾ കാഴ്ചവെച്ചത് മികച്ച പ്രകടനമാണ്, ഒടുവിൽ ട്രോഫി ഉയർത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്,” എന്ന് ഫൈനലിന് ശേഷം സീഫെർട്ട് പ്രതികരിച്ചു. ആദ്യ ഘട്ടം മുതൽ തന്നെ ടീം സമീകൃതമായിരുന്നുവെന്നും, ആവശ്യമായ സമയങ്ങളിൽ എല്ലാവരും തങ്ങളുടെ പങ്ക് ഭംഗിയായി നിർവ്വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഒരു ടീം നേടുന്ന ആദ്യ പ്രധാന കിരീടമാണിത്. ഐപിഎൽ 2026 സീസണിൽ ഋഷഭ് പന്ത് നയിച്ച അദ്ദേഹത്തിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സ് പത്താമതായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എസ്എ20 ടൂർണമെന്റിലെ ഡർബൻ സൂപ്പർ ജയന്റ്സിനും ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല.




