Spotlight

ബി.ജെ.പിയെ ഞെട്ടിച്ച് പി.സി. ജോർജ്; ‘മണ്ഡലത്തിൽ നാലരക്കോടി നൽകി, കണക്ക് കാണിച്ചാൽ ബിജെപിക്ക് നാണക്കേട്’

തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ബി.ജെ.പി നേതൃത്വത്തെ കുടുക്കി പി.സി.ജോർജിന്റെ ഗുരുതര വെളിപ്പെടുത്തൽ. പൂഞ്ഞാറിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാലരക്കോടി രൂപയാണ് ബി.ജെ.പി നൽകിയതെന്നും, ഈ പണം കൈകാര്യം ചെയ്തത് ബി.ജെ.പി നേതാവ് സജിയായിരുന്നുവെന്നും എരുമേലിയിൽ നടന്ന ബി.ജെ.പി യോഗത്തിൽ അദ്ദേഹം ആരോപിച്ചു.

ചെലവാക്കിയതിന്റെ കണക്കുകൾ പരിശോധിച്ചാൽ പ്രവർത്തകർക്ക് നാണക്കേടുണ്ടാകുമെന്നും, ബൂത്ത് തലത്തിൽ നൽകേണ്ടിയിരുന്ന 31,000 രൂപവീതം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുടെ കാശുകൊണ്ട് പുതിയ കാർ വാങ്ങുന്നവർ അപകടത്തിൽപ്പെടുമെന്നും ജോർജ് പരിഹസിച്ചു.

കണക്കുകളിൽ ഉൾപ്പെട്ടിരുന്ന പലരെയും നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ പണം കിട്ടിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് ആരെങ്കിലും പണം പറ്റിയിട്ടുണ്ടോ അതോ പാർട്ടിക്കായി ചെലവഴിച്ചിട്ടുണ്ടോ എന്ന് ബന്ധപ്പെട്ടവർ തന്നെ സ്വയം പരിശോധിക്കണം.

നാലര കോടി രൂപ പാർട്ടി ചെലവഴിച്ചതിൽ ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ലെന്ന് പറഞ്ഞ ജോർജ്, സാമ്പത്തിക കാര്യങ്ങളിൽ താൻ ഇടപെടാറില്ലെന്നും ഫണ്ടിൽനിന്ന് ഒരു രൂപ പോലും കൈപ്പറ്റാതെ മുഴുവൻ തുകയും സജിയെ ഏൽപ്പിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.