Spotlight

വിമാനം റദ്ദാക്കി; ദേഷ്യം മൂത്ത് യാത്രക്കാരി കമ്പ്യൂട്ടര്‍ തല്ലി തകര്‍ത്തു, സംഭവം CISF നോക്കിനില്‍ക്കെ- വീഡിയോ

ഭുവനേശ്വർ: വിമാനം റദ്ദാക്കിയതിനെത്തുടർന്ന് കലിപൂണ്ട യാത്രക്കാരി ബിജു പട്‌നായിക് രാജ്യാന്തര വിമാനത്താവളത്തിൽ 49,000 രൂപയുടെ ഉപകരണങ്ങൾ തകർത്തതായി പരാതി. കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ്, പാസ്‌പോർട്ട് സ്വൈപ്പിംഗ് മെഷീൻ എന്നിവയാണ് ഇവർ അടിച്ച് തകർത്തത്. സംഭവത്തിൽ വിമാനത്താവള അധികൃതർ യാത്രക്കാരിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതാണ് മമോണി ഖരത്ത് എന്ന യാത്രക്കാരിയെ പ്രകോപിപ്പിച്ചത്. 6E 7352 നമ്പർ ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനെത്തിയതായിരുന്നു ഇവർ.

കഴിഞ്ഞ 13-ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടക്കുന്നത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്), ഇൻഡിഗോ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചാണ് യാത്രക്കാരി പ്രകോപിതയായത്. ഇവർ അധികൃതരുമായി വാക്കേറ്റത്തിലേർപ്പെടുന്നതിന്റെയും ഉപകരണങ്ങൾ എറിഞ്ഞു തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

തുടർന്ന് അച്ചടക്കമില്ലാത്ത പെരുമാറ്റം, പൊതുമുതൽ നശിപ്പിക്കൽ, ഡിപ്പാർച്ചർ ലോഞ്ചിൽ ബഹളമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള നിർബന്ധിത പരിശോധനയിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയതെന്നും തുടർന്നാണ് സർവീസ് റദ്ദാക്കിയതെന്നും ഇൻഡിഗോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.

യാത്രക്കാർക്ക് ലഘുഭക്ഷണവും താമസസൗകര്യവും പകരം യാത്രാ സംവിധാനങ്ങളും മുഴുവൻ തുകയും തിരികെ നൽകുന്ന റീഫണ്ട് ഓപ്ഷനും നൽകിയിരുന്നതായി ഇൻഡിഗോ കൂട്ടിച്ചേർത്തു. അതേസമയം, യാത്രക്കാരിക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും തകർത്ത ഉപകരണങ്ങളുടെ നഷ്ടപരിഹാരം ഇവരിൽ നിന്ന് ഈടാക്കണമെന്നും വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടു.