Oddly News

‘‘പോകാതിരിക്കാന്‍ പറ്റില്ല അല്ലേ…..’; ഇന്ത്യൻ അയൽവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ കണ്ണീരണിഞ്ഞ് അമേരിക്കൻ വനിത; വൈറലായി വീഡിയോ!

വ്യത്യസ്ത രാജ്യക്കാരും സംസ്കാരമുള്ളവരും തമ്മിൽ വളർന്നുവരുന്ന ഗാഢമായ സൗഹൃദത്തിന്റെ മനോഹരമായ ചിത്രം കാണിച്ചുതന്ന് ഒരു ഇൻഡോ-അമേരിക്കൻ അയൽക്കാരുടെ യാത്രയയപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുഎസിലെ വാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്ന ദമ്പതികൾക്ക് വിടപറയാൻ എത്തിയതായിരുന്നു അവരുടെ അമേരിക്കൻ അയൽക്കാരി. സന്തോഷത്തോടെ തുടങ്ങിയ യാത്രയയപ്പ് പെട്ടെന്നാണ് വികാരനിർഭരമായ നിമിഷങ്ങൾക്ക് വഴിമാറിയത്.

വിജയ് കൊക്കെരഗഡ്ഡ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ദമ്പതികൾ വീടിന് പുറത്തുനിൽക്കുമ്പോൾ അയൽക്കാരിയായ സ്ത്രീ അവരുടെ അടുത്തേക്ക് വരുന്നത് കാണാം. തുടർന്ന് അവരെ കെട്ടിപ്പിടിച്ച് കരയുന്ന സ്ത്രീ, തനിക്ക് ഇവരെ എത്രത്തോളം മിസ്സ് ചെയ്യുമെന്ന് ഇടർച്ചയോടെ പറയുന്നുണ്ട്. വൈകാരികമായ ഈ നിമിഷത്തിൽ അവരെ ആശ്വസിപ്പിക്കാൻ ദമ്പതികൾ ശ്രമിക്കുന്നുണ്ടെങ്കിലും, സങ്കടം അടക്കാനാവാതെ അവർ വീണ്ടും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. ഡെട്രോയിറ്റ് വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് നടന്ന ഈ സംഭവങ്ങൾ, ഇവരുടെ സുഹൃത്താണ് ക്യാമറയിൽ പകർത്തുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ ദമ്പതികൾക്ക് അയച്ചു നൽകുകയായിരുന്നു.

പരസ്പരം സ്നേഹവും കരുതലും പങ്കുവെച്ചപ്പോൾ ഉണ്ടായ ആത്മബന്ധമാണ് ഈ വൈകാരിക നിമിഷങ്ങൾക്ക് പിന്നിൽ. വിദേശങ്ങളിലേക്ക് ചേക്കേറുമ്പോൾ സ്വന്തം നാടും ബന്ധുക്കളെയുമൊക്കെ പിരിയേണ്ടി വരാറുണ്ടെങ്കിലും, അവിടെ വെച്ച് കണ്ടുമുട്ടുന്ന അയൽക്കാരും സഹപ്രവർത്തകരും കുടുംബത്തെപ്പോലെ പ്രിയപ്പെട്ടവരായി മാറുമെന്നതിന് തെളിവാണ് ഈ സംഭവം.

വലിയ ആഘോഷങ്ങളോ നാടകീയതയോ ഇല്ലാത്ത, തികച്ചും സ്വാഭാവികമായ ഈ സ്നേഹപ്രകടനം ലോകമെമ്പാടുമുള്ള നിരവധിയാളുകളുടെ മനസ്സുതൊട്ടു. പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയപ്പോൾ സമാനമായ അനുഭവം ഉണ്ടായതായി പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. അതിർത്തികൾക്കും സംസ്കാരങ്ങൾക്കും അപ്പുറം ആത്മാർത്ഥമായ സൗഹൃദങ്ങൾ നിലനിൽക്കുമെന്നും, ദൂരം തടസ്സമാകാതെ ഈ ബന്ധം ഇനിയും തുടരുമെന്നുമാണ് വീക്ഷകർ പങ്കുവെക്കുന്ന അഭിപ്രായങ്ങൾ.