‘ദി ഹണ്ട്രഡ്’ ടൂർണമെന്റിൽ എംഐ ലണ്ടന് എതിരായ മത്സരത്തിൽ ബിർമിംഗ്ഹാം ഫീനിക്സ് താരം ദവീന പെരിൻ കളിച്ച വേറിട്ടൊരു ഷോട്ട് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു. ടെന്നീസ് കളിക്കാർ ഒരു കൈകൊണ്ട് റാക്കറ്റ് ഉപയോഗിച്ച് അടിക്കുന്നത് പോലെ വിചിത്രവും മനോഹരവുമായ ഒരു ഷോട്ട് ആണ് പെരിൻ അടിച്ചെടുത്തത്. ഈ അപൂർവ്വ ഷോട്ടിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും താരത്തിന്റെ അവസരോചിതമായ മിടുക്കിനെ ആരാധകർ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.
മത്സരത്തിലെ രണ്ടാമത്തെ ഓവറിൽ (മത്സരത്തിലെ ഏഴാമത്തെ പന്തിൽ) നിക്കോള കാരിക്കെതിരെയാണ് ദവീന ഒരു കൈകൊണ്ടുള്ള റിവേഴ്സ് സ്കൂപ്പ് ഷോട്ട് കളിച്ചത്. ഈ ഇന്നൊവേറ്റീവ് ഷോട്ടിലൂടെ പന്ത് ബൗണ്ടറി കടത്തി നാല് റൺസ് നേടാൻ പെറിന് സാധിച്ചു. “രണ്ടു കൈകൾ കൊണ്ട് അടിക്കുന്നത് വളരെ എളുപ്പമാകുമ്പോൾ!” എന്ന അടിക്കുറിപ്പോടെ ദി ഹണ്ട്രഡ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ വെച്ചായിരുന്നു ഈ മത്സരം നടന്നത്. എംഐ ലണ്ടൻ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബിർമിംഗ്ഹാം ഫീനിക്സ് 8 പന്തുകൾ ബാക്കിനിൽക്കെ 5 വിക്കറ്റിന് വിജയം കണ്ടു. 39 പന്തിൽ 62 റൺസ് നേടി പുറത്താകാതെ നിന്ന എൽസെ പെറിയാണ് ടീമിന്റെ വിജയത്തിന് വഴിയൊരുക്കിയത്.
മത്സരത്തിൽ മൊത്തത്തിൽ 6 പന്തിൽ നിന്ന് 8 റൺസ് മാത്രമാണ് ദവീനയ്ക്ക് നേടാനായതെങ്കിലും, അവർ കളിച്ച ഈ അത്ഭുതകരമായ ഷോട്ട് മത്സരത്തിലെ പ്രധാന ആകർഷണമായി മാറി. വോൾവർഹാംപ്ടണിൽ നിന്നുള്ള വലങ്കയ്യൻ ബാറ്ററും ലെഗ് സ്പിന്നറുമാണ് ദവീന പെരിൻ. ഇംഗ്ലണ്ട് അണ്ടർ-19, ഇംഗ്ലണ്ട് എ ടീമുകൾക്കായി കളിച്ചിട്ടുള്ള ഇവർ ഇതുവരെ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. 2025-ൽ നാഷണൽ ടൂർണമെന്റിൽ വെറും 42 പന്തിൽ സെഞ്ചുറി നേടി ഈ ടൂർണമെന്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ദവീന സ്വന്തമാക്കിയിരുന്നു.




