മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ബസ് കണ്ടക്ടറുടെ സത്യസന്ധത കാരണം വയോധികയ്ക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തുക തിരികെ ലഭിച്ചു. പ്രായം തെളിയിക്കുന്ന രേഖ പരിശോധിക്കുന്നതിനിടെയാണ് താൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെടുത്തു സൂക്ഷിച്ച 24,000 രൂപയുടെ യഥാർത്ഥ അവകാശിയാണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് ആ കണ്ടക്ടർ തിരിച്ചറിഞ്ഞത്.
2024 ഏപ്രിലിലാണ് സംഭവങ്ങളുടെ തുടക്കം. 75 കാരിയായ കസബായി ഗെയ്ക്വാദും രോഗിയായ ഭർത്താവും ബസ് യാത്ര കഴിഞ്ഞ് മാലെഗാവ് ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ, തന്റെ സമ്പാദ്യമടങ്ങിയ ബാഗ് ബസ്സിൽ മറന്നുവെക്കുകയായിരുന്നു. യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം ബസ് ഡിപ്പോയിലെത്തിച്ച കണ്ടക്ടർ രാജു, ഇരിപ്പിടങ്ങൾ പരിശോധിച്ചപ്പോഴാണ് 24,000 രൂപ അടങ്ങിയ ചെറിയ ബാഗ് കണ്ടെത്തുന്നത്. ബാഗിലുണ്ടായിരുന്ന ഒരു മരുന്ന് ചീട്ടിൽ നിന്നാണ് കസബായി ഗെയ്ക്വാദ് എന്ന പേര് അദ്ദേഹത്തിന് ലഭിക്കുന്നത്.
പണത്തിന്റെ അവകാശികൾ വരുമെന്ന പ്രതീക്ഷയിൽ രാജു ബസ് സ്റ്റാൻഡിൽ ഒരു മണിക്കൂറോളം കാത്തിരിക്കുകയും എൻക്വയറി കൗണ്ടറിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ആരും അന്വേഷിച്ചെത്തിയില്ല. തുക ആരും കൈപ്പറ്റാതിരുന്നിട്ടും രാജു ആ പണം ചെലവഴിക്കുകയോ കളയുകയോ ചെയ്തില്ല. മരുന്ന് ചീട്ടിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചതുമില്ല. മാസങ്ങളോളം ആ പണം അദ്ദേഹം സുരക്ഷിതമായി സൂക്ഷിച്ചുവെച്ചു.
ഒരു വർഷത്തിലേറെ കഴിഞ്ഞപ്പോൾ, ഒരു വയോധിക രാജുവിന്റെ ബസ്സിൽ കയറുകയും മാലെഗാവിലേക്ക് ടിക്കറ്റ് ചോദിക്കുകയും ചെയ്തു. 75 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്രയ്ക്ക് അർഹതയുള്ളതിനാൽ, പ്രായം പരിശോധിക്കുന്നതിനായി രാജു അവരോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. അതിൽ കസബായി ഗെയ്ക്വാദ് എന്ന പേര് കണ്ടതും അദ്ദേഹം അമ്പരന്നുപോയി.
തുടർന്ന് അവരോട് സംസാരിച്ച രാജു, താൻ സൂക്ഷിച്ചുവെച്ച 24,000 രൂപയുടെ ഉടമ തന്നെയാണ് ഇതെന്ന് ഉറപ്പുവരുത്തി. ബസ് ഡിപ്പോയിലെത്തിച്ച് മേലധികാരികളെ വിവരമറിയിച്ച ശേഷം, പണം ഔദ്യോഗികമായി അവർക്ക് കൈമാറി. നഷ്ടപ്പെട്ട സമ്പാദ്യം തിരിച്ചുകിട്ടുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന വയോധികയ്ക്ക് ഈ സംഭവം വലിയൊരു അനുഗ്രഹമായി മാറി. വർഷങ്ങളോളം തന്റെ പണം സുരക്ഷിതമായി സൂക്ഷിച്ചുവെച്ചതിന് നന്ദിയോടെ അവർ 1,100 രൂപ സ്നേഹസമ്മാനമായി രാജുവിന് നൽകുകയും ചെയ്തു.




