മുംബൈ ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹാർദിക് പാണ്ഡ്യയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ പുതിയൊരു വെളിപ്പെടുത്തൽ കൂടി പുറത്തുവരുന്നു. 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന താരം, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുമായി ചർച്ചകൾ നടത്തിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ താൻ മുൻപ് നായകനായിരുന്ന ഗുജറാത്ത് ടൈറ്റൻസിലേക്ക് തിരികെയെത്താൻ ഹാർദിക് താൽപര്യം പ്രകടിപ്പിച്ചുവെന്നും ഇതിനായി ഫ്രാഞ്ചൈസിയെ സമീപിച്ചെന്നുമാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഹാർദിക്കിനെ തിരികെ ടീമിലെടുക്കാൻ ഗുജറാത്ത് ടൈറ്റൻസ് സന്നദ്ധമായിരുന്നെങ്കിലും താരം മുന്നോട്ടുവെച്ച ഒരു പ്രധാന നിബന്ധന മാനേജ്മെന്റ് തള്ളുകയായിരുന്നു. ഗുജറാത്തിലേക്ക് മടങ്ങിയെത്താൻ സ്വയം താൽപര്യം പ്രകടിപ്പിച്ച ഹാർദിക്, പകരം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടു. ഹാർദിക്കിന്റെ മടങ്ങിവരവിനെക്കുറിച്ച് മാനേജ്മെന്റ് നിലവിലെ നായകൻ ശുഭ്മൻ ഗില്ലുമായി സംസാരിക്കുകയും, അദ്ദേഹം അതിന് സമ്മതം മൂളുകയും ചെയ്തിരുന്നു. എന്നാൽ ക്യാപ്റ്റൻ പദവി വേണമെന്ന നിബന്ധന ഹാർദിക് വച്ചതോടെ ഫ്രാഞ്ചൈസി ഈ നീക്കത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
ഹാർദിക് തിരികെയെത്തുന്നതിൽ ഫ്രാഞ്ചൈസിക്ക് എതിർപ്പൊന്നുമില്ലായിരുന്നുവെന്നും, ഗില്ലുമായി ആലോചിച്ച ശേഷം താരത്തെ ട്രേഡ് ചെയ്ത് ടീമിലെത്തിക്കാൻ തീരുമാനിച്ചിരുന്നതായും ഗുജറാത്ത് ടൈറ്റൻസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടതോടെ മാനേജ്മെന്റ് ഇതിനെ എതിർക്കുകയായിരുന്നു. അതേസമയം ഹാർദിക് ഒരു ടീമുമായും നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നും, ഇതുവരെയുള്ള നീക്കങ്ങളെല്ലാം മുംബൈ ഇന്ത്യൻസ് വഴിയാണ് നടന്നതെന്നുമാണ് താരത്തിന്റെ വക്താവ് നൽകുന്ന വിശദീകരണം.
2022-ൽ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ ചാമ്പ്യന്മാരാക്കിയത് ഹാർദിക്കിന്റെ നേതൃത്വത്തിലായിരുന്നു. തൊട്ടടുത്ത വർഷം ടീമിനെ ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതിനുശേഷമാണ് താരം മുംബൈ ഇന്ത്യൻസിലേക്ക് തിരികെ മാറുന്നത്. എന്നാൽ രോഹിത് ശർമയ്ക്ക് പകരം നായകനായി എത്തിയ ഹാർദിക്കിന് ഗുജറാത്തിൽ ലഭിച്ചതുപോലെയുള്ള പിന്തുണ മുംബൈ ആരാധകരിൽ നിന്ന് ലഭിച്ചില്ല. കൂടാതെ ഡ്രസ്സിങ് റൂമിലും രോഹിതിന് ലഭിച്ചിരുന്ന സ്ഥാനവും ബഹുമാനവും തനിക്ക് കിട്ടുന്നില്ലെന്ന തോന്നലാണ് മുംബൈ വിടാൻ ഹാർദിക്കിനെ പ്രേരിപ്പിച്ചത്.




