എല്ലിന് പൊട്ടലോ ഒടിവോ സംഭവിക്കുമ്പോൾ പ്ലാസ്റ്ററോ തടിയോ മുളയോ ഒക്കെ ഉപയോഗിച്ച് പരുക്കേറ്റ ഭാഗം അനങ്ങാത്ത രീതിയിൽ കെട്ടി ഉറപ്പിച്ചു നിർത്തുകയാണ് പതിവ്. എന്നാൽ ബിഹാറിലെ ഒരു സർക്കാർ ആശുപത്രിയിൽ അപകടത്തിൽപ്പെട്ട രോഗിയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ്ബോർഡ് കെട്ടിവെച്ച് ചികിത്സ നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ബിഹാറിലെ മഞ്ചോൾ സബ് ഡിവിഷണൽ ആശുപത്രിയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഓഗസ്റ്റ് മൂന്നിന് ജോലി കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിടിച്ചാണ് കൃഷ്ണകുമാർ എന്നയാൾക്ക് ഗുരുതരമായി പരുക്കേൽക്കുന്നത്. തുടർന്നാണ് ഇദ്ദേഹത്തെ സമീപത്തുള്ള മഞ്ചോൾ സബ് ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ കടുത്ത വേദനയുണ്ടായിരുന്ന തനിക്ക് പ്രാഥമിക ചികിത്സയും ഐവി ഡ്രിപ്പും നൽകിയതായി കൃഷ്ണകുമാർ വ്യക്തമാക്കുന്നുണ്ട്. പരുക്കേറ്റ കാലിന്റെ ഇരുവശത്തും കാർഡ്ബോർഡ് കഷണങ്ങൾ വെച്ച് തുണി തിരുകി കെട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്ന വീഡിയോയിലുണ്ട്. ഇതിനുശേഷമാണ് ഇദ്ദേഹത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ റഫർ ചെയ്തത്.
വീഡിയോ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമാവുകയും ആരോഗ്യവകുപ്പിനെതിരെ വ്യാപക വിമർശനമുയരുകയും ചെയ്തു. എന്നാൽ അപകട സമയത്ത് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ദ്ധൻ ഇല്ലായിരുന്നുവെന്നും, രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് കാൽ അനങ്ങാതിരിക്കാൻ നൽകിയ പ്രാഥമിക ശുശ്രൂഷ മാത്രമായിരുന്നു ഇതെന്നുമാണ് ആശുപത്രിയുടെ ചുമതലയുള്ള അഭിനവ് പ്രിയദർശി നൽകുന്ന വിശദീകരണം.
എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും കാർഡ്ബോർഡും കെട്ടി കിടക്കുന്ന രോഗിയുടെ ദൃശ്യങ്ങൾ ബിഹാറിലെ ചികിത്സാരംഗത്തെ കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്. വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് ഇത്തരം അനുഭവമുണ്ടാകുന്നത് സംസ്ഥാനത്തെ പാവപ്പെട്ട രോഗികളുടെ കഷ്ടസ്ഥിതി വെളിവാക്കുന്നതാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം.




