Featured Oddly News

മൂക്കുത്തിയണിഞ്ഞ യുവതി പെട്ടിയിൽ ഒടിഞ്ഞുമടങ്ങി, കുത്തിക്കീറിയ ശരീരം, ചോരയില്ല! രഹസ്യം ചുരുളഴിഞ്ഞപ്പോൾ…

ഓസ്‌ട്രേലിയയിലെ സിഡ്നിക്ക് സമീപമുള്ള ഓലൻ എന്ന ശാന്തമായ ഗ്രാമത്തിൽ പെട്ടിക്കുള്ളിൽ കുത്തിത്തിരുകിയ നിലയിൽ യുവതിയുടേതെന്ന് തോന്നിക്കുന്ന രൂപം കണ്ടെത്തി. പ്രദേശത്തു കൂടെ കാറോടിച്ചു പോയ രണ്ട് യുവാക്കളാണ് ഭീതിജനകമായ ഈ കാഴ്ച കണ്ട് ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചത്. അക്രമസംഭവങ്ങൾ അപൂർവ്വമായ ഈ ഗ്രാമത്തിൽ, യുവതി കൊല്ലപ്പെട്ട് പെട്ടിയിലാക്കി തള്ളിയെന്ന വാർത്ത പെട്ടെന്ന് തന്നെ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ പാടുകളുള്ള ശരീരം പെട്ടിയടക്കം കസ്റ്റഡിയിലെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ മൃതദേഹത്തിന് ദുർഗന്ധമൊന്നുമില്ലായിരുന്നത് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. തുടർന്ന് തിങ്കളാഴ്ച പുറത്തുവന്ന ഫൊറൻസിക് റിപ്പോർട്ട് ഗ്രാമവാസികൾക്ക് ആശ്വാസവും ഒപ്പം അമ്പരപ്പും നൽകുന്നതായിരുന്നു. പെട്ടിയിലുണ്ടായിരുന്നത് മനുഷ്യശരീരമല്ലെന്നും പകരം ജീവനുള്ള മനുഷ്യന്റെ സാദൃശ്യമുള്ള ഒരു സെക്സ് ഡോളാണെന്നും പൊലീസ് വ്യക്തമാക്കി.

വസ്ത്രവും മുടിയും മൂക്കുത്തിയും ധരിപ്പിച്ച നിലയിലായിരുന്ന ഡോളിൽ നിറയെ കീറിയതും വരഞ്ഞതുമായ പാടുകളുണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ട് കേടുപാടുകൾ വന്നപ്പോൾ ആരോ ഉപേക്ഷിച്ചതാകാം ഇതെന്നാണ് ഒരു നിഗമനം. എങ്കിലും ലൈംഗിക വൈകൃതമുള്ള ആരെങ്കിലും മനഃപൂർവം ഇത് നശിപ്പിച്ചതാണോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അത്ഭുതകരമായ ഈ സംഭവം കണ്ട ഉടൻ പൊലീസിനെ വിവരമറിയിച്ച യുവാക്കളെ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.