Featured Sports

ക്രിക്കറ്റിന്റെ വണ്ടർ കിഡിന് തീവില! ഒരു ‍‘ഡീലിന്’ വാങ്ങുന്നത് ഒരു കോടിയിലേറെ, 15-ാം വയസ്സിൽ കോടികളുടെ ആസ്തി

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തരംഗമായ വൈഭവ് സൂര്യവംശിയുടെ മാർക്കറ്റ് മൂല്യം കുതിച്ചുയരുന്നു. പതിനഞ്ചാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ വൈഭവ്, ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നിരുന്നു. ട്വന്റി20യിലെ മിന്നുന്ന ഫോമിന് പിന്നാലെ ഏകദിന, ടെസ്റ്റ് ടീമുകളിലേക്കും താരത്തെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. റെഡ് ബോൾ ക്രിക്കറ്റിലും മികവ് കാട്ടാനായി ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി താരത്തെ നിയമിച്ചിരുന്നു. വൈഭവിനെ ഒപ്പം കൂട്ടാൻ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ നീക്കം നടത്തുന്നതിനിടെ, ഒരു പരസ്യ കരാറിനായി ഒരു കോടി രൂപയിലധികമാണ് താരം വാങ്ങുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഇന്ത്യൻ കുപ്പായത്തിൽ ആറ് മത്സരങ്ങൾ മാത്രം പൂർത്തിയാക്കിയ വൈഭവ് സൂര്യവംശിക്ക് ഇതിനകം ഏഴ് മുതൽ 10 കോടി രൂപ വരെ വരുമാനം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ഐപിഎൽ പ്രതിഫലം, മാച്ച് ഫീ, ആഭ്യന്തര മത്സരങ്ങളിലെ തുക, പരസ്യ വരുമാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പതിനഞ്ചുകാരനായ താരം ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ചു പരസ്യങ്ങളിൽ മാത്രമാണ് ഇപ്പോൾ അഭിനയിക്കുന്നത്. കായിക ഉപകരണ നിർമാതാക്കളായ സരീൻ സ്പോർട്സാണ് ബാറ്റ് സ്പോൺസർ ചെയ്യുന്നത്. വർഷത്തിൽ 50 ലക്ഷം രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. കൂടാതെ എസ്എസ് സ്പോർട്സ് വൈഭവ് സൂര്യവംശി എഡിഷൻ ബാറ്റുകളും വിപണിയിലിറക്കിയിട്ടുണ്ട്.

ഈ വർഷത്തിന്റെ തുടക്കത്തിൽ കോംപ്ലാന്റെ പരസ്യ പ്രചാരണത്തിലും വൈഭവ് പങ്കാളിയായിരുന്നു. യുവാക്കളെ ലക്ഷ്യമിട്ടുള്ള ഗൂഗിൾ പേ, റെഡ് ബുൾ എന്നിവയുടെ ക്യാംപെയ്നുകളിലും താരം സഹകരിക്കുന്നുണ്ട്. ഇതിനുപുറമേ ജാർഖണ്ഡ് ആരോഗ്യ വകുപ്പിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ഈ താരം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് പതിനഞ്ച് വയസ്സുകാരനായ വൈഭവ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വൈഭവിന്റെ അരങ്ങേറ്റ മത്സരം.

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ രണ്ട് അർധ സെഞ്ചറികളോടെ (81, 50) താരം തിളങ്ങിയിരുന്നു. പതിമൂന്നാം വയസ്സിൽ രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ്, ഐപിഎൽ ലേലത്തിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. ഐപിഎൽ മത്സരങ്ങളിൽ കളിക്കുന്നതും സെഞ്ചറി നേടുന്നതുമായ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുകളും വൈഭവിന്റെ പേരിലാണ്. ഐപിഎല്ലിലെ അതിവേഗ സെഞ്ചറിയെന്ന അപൂർവ റെക്കോർഡും ഈ യുവതാരം സ്വന്തമാക്കിയിട്ടുണ്ട്.