ചൂടുകാലത്ത് എയർകണ്ടീഷണറിന് പകരമായി വലിയ കുമ്പളങ്ങകൾ കെട്ടിപ്പിടിച്ചുറങ്ങുന്ന വിചിത്രമായ ട്രെൻഡ് ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ ഈ രീതി അത്ര നല്ലതല്ലെന്നാണ് വിദഗ്ദർ പറയുന്നത്. രാത്രി ഉറക്കത്തിനിടയിൽ കുമ്പളങ്ങ പൊട്ടി കിടപ്പുമുറികളിൽ ദുർഗന്ധം വമിക്കുന്ന ദ്രാവകം പടരുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവയ്ക്കുന്നുമുണ്ട്. ഡ്രെയിനേജ് പൈപ്പ് പൊട്ടിയതുപോലെ എന്നാണ് ഈ അനുഭവത്തെ ഒരു ഉപയോക്താവ് വിശേഷിപ്പിച്ചത്.
ചൈനയിൽ മിങ് രാജവംശത്തിന്റെ കാലം മുതലേ നിലനിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത രീതിയാണിത്. 95 ശതമാനത്തിലധികം ജലാംശം അടങ്ങിയ കുമ്പളങ്ങയ്ക്ക് സാധാരണ ഊഷ്മാവിനേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനില നിലനിർത്താൻ സാധിക്കും. ശരീരത്തോട് ചേർത്ത് വെക്കുമ്പോൾ ചൂട് വലിച്ചെടുക്കാൻ കഴിയുന്നതിനാൽ ചൈനയിൽ പലരും ഇതിനെ ഒരു ‘പോർട്ടബിൾ എ.സി’ ആയാണ് ഉപയോഗിക്കുന്നത്.
എന്നാൽ തുടർച്ചയായി ദിവസങ്ങളോളം കുമ്പളങ്ങ കെട്ടിപ്പിടിച്ചുറങ്ങുന്നത് അത്ര നല്ല അനുഭവമല്ല നൽകുന്നത്. കുമ്പളങ്ങ ചീഞ്ഞ് പൊട്ടി ദുർഗന്ധം വമിക്കുകയും കിടക്കകളും മുറികളും നശിക്കുകയും ചെയ്യുന്നുണ്ടെന്ന് നിരവധി പേർ കുറിച്ചതോടെയാണ് വിശദീകരണവുമായി വിദഗ്ധരെത്തിയത്. ഇതിനു പിന്നിലെ പ്രധാന കാരണങ്ങൾ അവർ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യശരീരവുമായി നിരന്തരം സമ്പർക്കത്തിൽ വരുമ്പോൾ കുമ്പളങ്ങയുടെ പുറംതോടിലുള്ള സ്വാഭാവിക സംരക്ഷണം നഷ്ടപ്പെടുകയും ബാക്ടീരിയകളുടെ ബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. രാത്രി മുഴുവൻ പുതപ്പിനടിയിൽ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഉണ്ടാകുന്ന ചൂടുള്ള അന്തരീക്ഷത്തിൽ ഫെർമെന്റേഷൻ നടക്കുകയും കാർബൺ ഡൈ ഓക്സൈഡ് വാതകം രൂപപ്പെടുകയും ചെയ്യുന്നു. ഉള്ളിലെ മർദ്ദം ക്രമാതീതമായി വർദ്ധിക്കുമ്പോഴാണ് കുമ്പളങ്ങ പൊട്ടിത്തെറിക്കുന്നത്.
ഈ രീതി പൂർണ്ണമായും സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പകരം എ.സി, കോൾഡ് മാറ്റുകൾ, തണുത്ത തലയിണകൾ എന്നിവയാണ് ഉപയോഗിക്കാൻ നല്ലതെന്നും അവർ ഓർമ്മിപ്പിക്കുന്നു. ഇനി കുമ്പളങ്ങ ഉപയോഗിക്കുകയാണെങ്കിൽ അത് മൃദുവായി തുടങ്ങുമ്പോഴോ പുളിച്ച മണം അനുഭവപ്പെടുമ്പോഴോ ഉടൻ മാറ്റണമെന്നും, ആഴ്ചയിലൊരിക്കൽ പുതിയത് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.




