Oddly News

“അവനെ രക്ഷിക്കൂ, 5 ലക്ഷം തരാം” ഗംഗയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട സഹോദരനായി യാചിക്കുന്ന ഏട്ടന്റെ നെഞ്ചുലയ്ക്കുന്ന വീഡിയോ

ഗംഗാനദിയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒഴുകിപ്പോയ അനിയനെ രക്ഷിക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് കരഞ്ഞുവിളിക്കുന്ന ഏട്ടന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിലുള്ള ദേവപ്രയാഗിൽ നിലവിൽ നടക്കുന്ന കാവഡ് യാത്രയ്ക്കിടെ ശനിയാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. നദിയിൽ കുളിക്കാനിറങ്ങിയ കാവഡ് തീർത്ഥാടകനായ യുവാവ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.

സഹോദരൻ ഒഴുക്കിൽപ്പെടുന്നത് കണ്ട് ഒന്നും ചെയ്യാനാകാതെ കരയിൽ നിന്ന ഏട്ടൻ ചുറ്റുമുള്ളവരോട് സഹായത്തിനായി അപേക്ഷിക്കുകയായിരുന്നു. “5 ലക്ഷം രൂപ തരാം, എന്റെ അനിയനെ പിടിക്കൂ, അവനെ രക്ഷിക്കൂ” എന്ന് കരഞ്ഞുകൊണ്ട് ഇയാൾ വിളിച്ചുപറയുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. അവിടെയുണ്ടായിരുന്ന ആളുകളോട് യാചിച്ചെങ്കിലും ശക്തമായ ഒഴുക്ക് കാരണം ആർക്കും വെള്ളത്തിലേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ ഏട്ടന്റെ കൺമുന്നിൽ വെച്ച് യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

തീർത്ഥാടന സമയങ്ങളിൽ നദികളിലെ ശക്തമായ ഒഴുക്കുള്ള സ്ഥലങ്ങളിൽ ഇറങ്ങുന്നത് എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളുള്ള നിശ്ചിത ഘാട്ടുകളിൽ മാത്രം കുളിക്കാനും, ആഴമേറിയതോ ശക്തമായ ഒഴുക്കുള്ളതോ ആയ ഭാഗങ്ങളിൽ ഇറങ്ങരുതെന്നും അധികാരികൾ തീർത്ഥാടകർക്ക് എപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. ഗംഗാനദിയിൽ നിന്ന് വിശുദ്ധ ജലം ശേഖരിച്ച് ശിവക്ഷേത്രങ്ങളിൽ അർപ്പിക്കാനായി കാവഡ് തീർത്ഥാടകർ നടത്തുന്ന വാർഷിക യാത്രയാണ് കാവഡ് യാത്ര.