Celebrity

ഷൂട്ടിങ്ങിനിടെ അബദ്ധത്തില്‍ നടി മൂക്കുത്തി വിഴുങ്ങി ; വിഡിയോ കണ്ട് ആശങ്കയറിയിച്ച് ആരാധകര്‍

സിനിമാ ഷൂട്ടിംഗിനിടെ അബദ്ധത്തില്‍ പഞ്ചാബി നടി മൂക്കുത്തി വിഴുങ്ങി . ഷെഹ്നാസ് ഗില്ല് എന്ന പഞ്ചാബി താരത്തിനാണ് ഇഷ്ഖ്നാമ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അപകടം സംഭവിച്ചത്.

അപകടത്തിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് നടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഷൂട്ടിങ് സെറ്റിലൂടെ ഓടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷെഹ്നാസിന്റെ മൂക്കുത്തി അഴിഞ്ഞു വായിലേക്ക് വീണത്. അത് താൻ അറിയാതെ വിഴുങ്ങിയെന്നും തുടർന്ന് ചുമയ്ക്കാനും ശ്വാസമെടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും താരം വ്യക്തമാക്കി. ജീവനക്കാരുടെയും സഹനടൻ സൗരഭ് സച്ച്ദേവയുടെയും സമയോചിതമായ ഇടപെടലാണ് താരത്തിന് ആശ്വാസമായത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച ആരാധകർക്കുള്ള മറുപടിയായാണ് താൻ ഈ വീഡിയോ പങ്കുവെച്ചതെന്ന് ഷെഹ്നാസ് പറഞ്ഞു.

‘മൂക്കുത്തി അപകടത്തിന്റെ ബിഹൈൻഡ് ദി സീൻ’ എന്ന കുറിപ്പോടെയാണ് ഷെഹ്നാസ് വീഡിയോ പോസ്റ്റ് ചെയ്തത്. നടിയുടെ അഭിനയത്തോടുള്ള സമർപ്പണത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ച ആരാധകർ സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു. അരവിന്ദ് ഖൈര സംവിധാനം ചെയ്യുന്ന റൊമാന്റിക് പീരിയഡ് ഡ്രാമയായ ‘ഇഷ്ഖ്നാമ’ സെപ്റ്റംബർ 11-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.