ഓക്ലൻഡ്: ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. കായികക്ഷമതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന കോലി, യുവതാരങ്ങളെപ്പോലും വെല്ലുന്ന ഫിറ്റ്നസാണ് ഇപ്പോഴും നിലനിർത്തുന്നത്. നിലവിൽ ഏകദിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മത്സരങ്ങൾക്കിടയിൽ വിശ്രമിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെങ്കിലും പരിശീലനത്തിൽ താരം യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ കോലി പുറത്തെടുത്ത മിന്നുന്ന ഫീൽഡിങ്ങാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം.
മത്സരത്തിന്റെ 29-ാം ഓവറിലായിരുന്നു കാണികളെ അമ്പരപ്പിച്ച ആ ഡൈവിങ് ക്യാച്ച് പിറന്നത്. അൻഷൂൽ കാംബോജ് എറിഞ്ഞ പന്തിൽ കിവീസ് താരം നേഥൻ സ്മിത്തിന്റെ ബാറ്റിൽ തട്ടി സ്ലിപ്പിലേക്ക് ഉയർന്ന പന്ത്, സെക്കൻഡ് സ്ലിപ്പിൽ നിന്ന കോലി വലതുവശത്തേക്ക് ഒരുകൈ കൊണ്ടു പറന്നു പിടിച്ചെടുക്കുകയായിരുന്നു. അമ്പയർ ഔട്ട് വിധി നൽകിയതോടെ ലക്ഷ്യത്തിലേക്ക് അമ്പെയ്യുന്ന രീതിയിൽ താരം സന്തോഷം പങ്കുവെക്കുകയും ചെയ്തു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ കോലി ടീമിനൊപ്പം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ കരുത്താകും. ടെസ്റ്റിൽ നിന്നും ട്വന്റി20യിൽ നിന്നും വിരമിച്ച രോഹിത് ശർമയും ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരും.




