Crime

കാമുകനെ കാണാൻ ജയിലിലെത്തിയ കൗമാരക്കാരിയുടെ പോക്കറ്റിൽ 10 വെടിയുണ്ടകള്‍! കാരണം വിചിത്രം !

ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ടയിൽ കാമുകനെ കാണാൻ ജയിലിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 10 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. സ്കൂൾ വിദ്യാർഥിനിയായ ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡും പണവും കണ്ടെടുത്തു. പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഗോണ്ടയിലെ ഡിവിഷണൽ ജയിലിൽ തടവിൽ കഴിയുന്ന ഹർഷു കശ്യപിനെ കാണാനാണ് പെൺകുട്ടിയും മറ്റൊരു വ്യക്തിയും വ്യാഴാഴ്ച എത്തിയത്. പ്രധാന കവാടത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ വ്യാജ പേര് നൽകിയതാണ് ജീവനക്കാരിൽ സംശയം ജനിപ്പിച്ചത്. പെൺകുട്ടി പറഞ്ഞ പേരും ആധാർ കാർഡിലെ പേരും വ്യത്യസ്തമായിരുന്നുവെന്ന് ജയിലർ അഫ്താബ് ആലം അൻസാരി പ്രസ്താവനയിൽ പറഞ്ഞു.

തുടർന്ന് നടത്തിയ ശരീരപരിശോധനയിലാണ് പെൺകുട്ടിയുടെ പോക്കറ്റിൽ നിന്ന് 10 വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഉടൻ തന്നെ ജയിൽ ഔട്ട്പോസ്റ്റ് ഇൻ-ചാർജിനെ വിളിപ്പിച്ചു വരുത്തുകയും കണ്ടെടുത്ത സാധനങ്ങൾക്കൊപ്പം രണ്ടുപേരെയും പൊലീസിന് കൈമാറുകയും ചെയ്തു.

ചോദ്യം ചെയ്യലിൽ പെൺകുട്ടി തന്റെ യഥാർത്ഥ വിവരങ്ങൾ വെളിപ്പെടുത്തി. വെടിയുണ്ടകള്‍ പിതാവിന്റെ ലൈസൻസുള്ള തോക്കിലേതാണെന്ന് പെൺകുട്ടി അവകാശപ്പെട്ടു. പിതാവ് പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണെന്നും ജയിലിലുള്ള കാമുകനെ കാണാൻ പോകുകയാണെന്ന് അറിഞ്ഞാൽ എന്തെങ്കിലും അപകടകരമായ തീരുമാനങ്ങൾ എടുത്തേക്കുമോ എന്ന് ഭയന്നാണ് തോക്കിലെ തോട്ടകൾ മാറ്റി പോക്കറ്റിലിട്ട് പോന്നതെന്നുമാണ് പെൺകുട്ടി നൽകിയ വിശദീകരണം. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.