Featured Oddly News

40 വർഷത്തെ ദാമ്പത്യം, മരിച്ച ഭാര്യയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാതെ ഭര്‍ത്താവ്; കാരണമറിഞ്ഞാല്‍…. ‘ഞെട്ടിക്കുന്ന ജീവിതസത്യം’

40 വർഷത്തെ ദാമ്പത്യത്തിനു ശേഷം മരണമടഞ്ഞ ഭാര്യയുടെ അന്ത്യകർമ്മങ്ങൾ തന്റെ അമ്മാവനായ ഭര്‍ത്താവ് ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രിൻസി പരേഖ്. തന്റെ മനസ്സ് തകർത്ത ഒരു “ഞെട്ടിക്കുന്ന ഒരു ജീവിതസത്യം” എന്ന തലക്കെട്ടിലാണ് പ്രിൻസി പരേഖ് ഈ വിവരം പങ്കുവയ്ക്കുന്നത്.

ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അവർ ഈ സംഭവം വിശദീകരിച്ചത്. “എന്റെ ഒരു അകന്ന ബന്ധുവായ അമ്മായി അടുത്തിടെ അന്തരിച്ചു. 35 മുതൽ 40 വർഷത്തോളമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാൽ അവർ മരിച്ചപ്പോൾ, ഭാവിയിൽ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാര്യയുടെ അവസാന ചടങ്ങുകൾ ( അന്ത്യകർമ്മങ്ങൾ) ചെയ്യരുതെന്ന് അമ്മാവനോട് സമുദായത്തിലെ ചില ആളുകൾ പറഞ്ഞു.

ആ അമ്മാവനെ വീണ്ടും വിവാഹം കഴിക്കാൻ വേറെയൊരു സ്ത്രീയും തയ്യാറായിട്ടുണ്ടായിരുന്നില്ല, പോരാത്തതിന് അവർ 40 വർഷത്തോളം ഒന്നിച്ചു ജീവിച്ചവരുമാണ്. ഇത്രയും കാലം ഒരുമിച്ച് ജീവിച്ചതിന് ശേഷം ആരാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുക എന്നാണ് ഞാൻ കരുതിയത്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഭാവിയിൽ മറ്റൊരു വിവാഹത്തിനുള്ള സാധ്യത നിലനിർത്താനായി അദ്ദേഹം ഭാര്യയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ തയ്യാറായില്ല.”

“പ്രണയത്തിലും ആത്മബന്ധത്തിലുമെല്ലാം വിശ്വസിച്ച് വളർന്ന എനിക്ക് ഇതൊരു വലിയ വഞ്ചനയായി തോന്നി. 40 വർഷം ഒന്നിച്ച് ജീവിച്ചിട്ടും ഭാര്യയുടെ അന്ത്യകർമ്മങ്ങൾ ചെയ്യില്ലെന്ന് തീരുമാനിച്ചത് എനിക്ക് വലിയൊരു ആഘാതമായിരുന്നു,” പ്രിൻസി കൂട്ടിച്ചേർത്തു. “ഈ കാഴ്ച എന്റെ മനസ്സിൽ നിന്ന് ഇതുവരെ മാഞ്ഞിട്ടില്ല” എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. നാല് ദശലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രചാരമാണ് നേടിയത്.

വീഡിയോ വൈറലായതോടെ നിരവധിയാളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. “ഒരു പുരുഷന് ഭാര്യയെ നഷ്ടപ്പെടുമ്പോൾ പുതിയൊരു ജീവിതം തുടങ്ങാൻ സമൂഹം അവനെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഒരു സ്ത്രീക്ക് ഭർത്താവിനെ നഷ്ടപ്പെട്ടാൽ, ജീവിതത്തിന്റെ ലക്ഷ്യം തന്നെ അവസാനിച്ച മട്ടിൽ ത്യാഗവും സഹനവും സഹിച്ച് ജീവിക്കാനാണ് സമൂഹം അവളോട് ആവശ്യപ്പെടുന്നത്. ഇത്തരം ഇരട്ടത്താപ്പുകൾ നിലനിൽക്കുന്ന വിവേചനത്തെയാണ് കാണിക്കുന്നത്,” എന്ന് ഒരാൾ കുറിച്ചു.

എന്നാൽ ഇതിന് വ്യത്യസ്തമായി മറ്റൊരു വ്യക്തി തന്റെ അനുഭവം പങ്കുവെച്ചു, “എനിക്ക് രണ്ട് വയസ്സുള്ളപ്പോൾ, 25-ാം വയസ്സിലാണ് എന്റെ അമ്മ മരിക്കുന്നത്. എന്നാൽ എന്റെ അച്ഛൻ അമ്മയെ അത്രയധികം സ്നേഹിച്ചിരുന്നതുകൊണ്ട് അദ്ദേഹം പിന്നീട് മറ്റൊരു വിവാഹം കഴിച്ചതേയില്ല.”