Movie News

അവസരങ്ങൾ കുറഞ്ഞതുകൊണ്ടണോ നാനി ചിത്രത്തിലെ ഐറ്റം ഡാൻസ്? കീർത്തി സുരേഷിന്റെ കടലന്‍ മറുപടി

അവസരങ്ങൾ കുറഞ്ഞതുകൊണ്ടാണ് നാനിയുടെ പുതിയ ചിത്രത്തിൽ ഡാൻസ് നമ്പർ ചെയ്യാൻ സമ്മതിച്ചതെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് മറുപടിയുമായി പ്രമുഖ നടി കീർത്തി സുരേഷ്. നാനി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകളിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് വളരെ രസകരമായ രീതിയിലാണ് കീർത്തി ഇൻസ്റ്റാഗ്രാമിലൂടെ മറുപടി നൽകിയത്.

ഫ്രണ്ട്‌വുഡ്സ് ടിവി പങ്കുവെച്ച ഒരു വീഡിയോയിൽ, നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് കീർത്തി ‘ദി പാരഡൈസ്’ എന്ന കന്നഡ ചിത്രത്തിൽ ഡാൻസ് ചെയ്യാൻ സമ്മതിച്ചതെന്ന് വിമർശിച്ചിരുന്നു. എന്നാൽ ദേഷ്യപ്പെടുന്നതിന് പകരം തമാശരൂപേണയുള്ള മറുപടിയാണ് കീർത്തി നൽകിയത്. “വളരെ നന്നായിരിക്കുന്നു! ഒരു ചെറിയ തിരുത്തുണ്ട്. നാനി അഭിനയിക്കുന്നത് തെലുങ്ക് സിനിമയിലാണ്, കന്നഡയിലല്ല” എന്ന് തമിഴിൽ കീർത്തി കുറിച്ചു. താരത്തിന്റെ ഈ മാസ് മറുപടി ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

നാനിയും കീർത്തി സുരേഷും അടുത്ത സുഹൃത്തുക്കളാണ്. മുൻപ് ‘നേനു ലോക്കൽ’, ‘ദസറ’ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ദി പാരഡൈസ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നെങ്കിലും അതിൽ കീർത്തിയുടെ സാന്നിധ്യത്തെക്കുറിച്ച് സൂചനകളൊന്നുമില്ല. നാനി, രാഘവ് ജുയൽ, മോഹൻ ബാബു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബർ 24-നാണ് തിയേറ്ററുകളിൽ എത്തുന്നത്.

നിലവിൽ മികച്ച ഒരുപിടി ചിത്രങ്ങളാണ് കീർത്തി സുരേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ഡോറോത്തി’ എന്ന തമിഴ് ചിത്രത്തിലും, വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം തെലുങ്ക് ചിത്രമായ ‘റൗഡി ജനാർദന’യിലും കീർത്തി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വെങ്കടേഷ്, കല്യാൺ റാം എന്നിവർക്കൊപ്പമുള്ള അനിൽ രാവിപ്പുഡി ചിത്രത്തിലും കീർത്തി അഭിനയിക്കുന്നുണ്ട്.