Oddly News

16കാരനെ കാണാതായതിൽ ട്വിസ്റ്റ്; 900 കിലോമീറ്റർ ഒറ്റയ്ക്ക് യാത്ര ചെയ്ത് കുട്ടി പോയത് സീരിയലിൽ അഭിനയിക്കാൻ !

അഭിനയമോഹം കാരണം മധ്യപ്രദേശിലെ വീട്ടിൽ നിന്ന് ഇറങ്ങിത്തിരിച്ച പതിനാറുകാരനെ മുംബൈയിലെ ഫിലിം സിറ്റിയിൽ നിന്നും കണ്ടെത്തി. ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘താരക് മേത്ത കാ ഊൽട്ടാ ചഷ്മ’യിൽ (TMKOC) അഭിനയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി മുംബൈയിലെത്തിയത്. വീട്ടുകാർ കാണാനില്ലെന്ന് പരാതി നൽകിയിരുന്ന കുട്ടിയെ ഗോരേഗാവിലെ ഫിലിം സിറ്റിയിൽ അലഞ്ഞുതിരിയുന്ന അവസ്ഥയിലാണ് പോലീസ് കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ മൊബൈൽ പോലീസ് സംഘം കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി ആരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

മുംബൈയിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ അകലെയുള്ള മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ സ്കൂൾ വിദ്യാർത്ഥിയാണ് താനെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ പോകാനാണെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ പോകുന്നതിന് പകരം ഛിന്ദ്വാര റെയിൽവേ സ്റ്റേഷനിൽ നിന്ന് നാഗ്പൂരിലേക്കും അവിടെനിന്ന് കണക്റ്റിംഗ് ട്രെയിൻ വഴി മുംബൈയിലേക്കും യാത്ര തിരിച്ചു. പിറ്റേന്ന് രാവിലെ ഗോരേഗാവ് സ്റ്റേഷനിൽ ഇറങ്ങിയ ശേഷം കാൽനടയായി ഫിലിം സിറ്റിയിലേക്ക് നടന്നുപോകുകയായിരുന്നുവെന്നും കുട്ടി മൊഴി നൽകി.

കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ വ്യാഴാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് പിതാവ് സ്ഥിരീകരിച്ചു. നിലവിൽ കുട്ടി ആരെ പോലീസിന്റെ സുരക്ഷിത custodyയിലാണ്. മകനെ തിരികെ കൊണ്ടുപോകാനായി പിതാവ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.